കോഴ സയൻസ് സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

തലയോലപ്പറമ്പ്: കോഴ സയൻസ് സിറ്റിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ പോലിസ് പിടികൂടി. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ ഏ.ജെ ജോസഫ് (62) ആണ് തലയോലപ്പറമ്പ് പോലീസിൻ്റെ പിടിയിലായത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയായ യുവാവിൽ നിന്നും 2025 മുതൽ 26 ജനുവരി വരെയുള്ള കാലയളവിൽ പലതവണയായാണ് പ്രതി തുക കൈപ്പറ്റിയത്. ചതിവാണെന്ന് മനസ്സിലാക്കിയ യുവാവ് തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അന്വോഷണം നടത്തിയെങ്കിലും ഇയാൾ നാട്ടിലും വീട്ടിലും വരാതെ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി ചില ദിവസങ്ങളിൽ രാത്രിയിൽ വീട്ടിൽ എത്താറുണ്ടെന്ന് തലയോലപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ എസ്. മനോജിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ സബ് ഇൻസ്പെക്ടർ പി. എസ് സുധീരൻ, എ.എസ്.ഐ കെ.എം രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അരണ്യ മോഹൻ എന്നിവർ അടങ്ങുന്ന സംഘം പ്രതിയുടെ വീടിനടുത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ കുറവിലങ്ങാട്, പാലാ തുടങ്ങിയ പല സ്ഥലങ്ങളിലെ ആളുകൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ചെടുത്തതായി അറിയാൻ കഴിഞ്ഞെന്നും ഇയാൾക്കെതിരെ കുറവിലങ്ങാട്, പാലാ പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുള്ളതായും തലയോലപ്പറമ്പ് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisements

Hot Topics

Related Articles