‘പൊളിറ്റിക്കൽ ക്രിമിനൽ’ പരമാർശം: ജി.സുധാകരൻ എം.എൽ.എക്കെതിരെ നിയമനടപടി സ്വീകരിക്കും : മുൻ എം.എൽ.എ എച്ച്.സലാം

ആലപ്പുഴ: ‘പൊളിറ്റിക്കൽ ക്രിമിനൽ’ പരമാർശം നടത്തിയ ജി.സുധാകരൻ എം.എൽ.എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ എം.എൽ.എ എച്ച്.സലാം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ അനുമതിയോടെയാണ് നിയമപരമായി നീങ്ങുന്നത്. പ്രയോഗത്തിലൂടെ സുധാകരൻ എന്താണ് ഉദ്ദേശിച്ചതെന്ന് കോടതിയിൽ വന്ന് പറയട്ടെ. ഓണാട്ടുകര ഭാഷയാണെന്ന് ചിലപ്പോൾ കോടതിയിൽ പറയുമായിരിക്കുമെന്നും സലാം പരിഹസിച്ചു. 2021ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങൾ ഇല്ലാതിരുന്നിട്ടും സുധാകരൻ സ്വന്തംനിലയിൽ പണം പിരിച്ചുവെന്നും പിരിച്ച പണം പൂർണമായി പാ‌ർട്ടിക്ക് നൽകിയിട്ടില്ലെന്നും സലാം ആരോപിച്ചു. പിരിച്ച പണത്തിന്റെ കണക്ക് സുധാകരൻ പരസ്യപ്പെടുത്തണം. പാർട്ടി അറിയാതെ പിരിച്ച പണം, അത് നൽകിയവർക്ക് തിരിച്ച് കൊടുക്കണം. സുധാകരൻ നിരന്തരമായി പാർട്ടി നേതാക്കളെയും വനിതനേതാക്കളെയും ആക്ഷേപിക്കുകയാണ്. ഒരാളോട് ദേഷ്യം തോന്നിയാൽ ജാതിയും മതവും വർഗീയതയും സുധാകരൻ ടൂളായി ഉപയോഗിക്കരുത്. പറയുന്നത് മാറ്റിപ്പറയാൻ മടിയില്ലാത്ത ആളാണ് സുധാകരനെന്നും സേവാഭാരതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷെഡ് കെട്ടിയത് വിവാദമായതോടെയാണ് പൊതിച്ചോറ് വിവാദം ഉണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisements

Hot Topics

Related Articles