കോഴിക്കോട്: കന്നുകാലികളെ അഴിക്കുന്നതിനിടെ കാലില്‍ കയര്‍ കുരുങ്ങി വലിഴിച്ചിഴക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ മലയാളി വയോധികന് മരിച്ചു.കോഴിക്കോട് സ്വദേശിയെന്ന് കരുതുന്ന നാസിര്‍ ആണ് കര്‍ണാടകയിലെ കുടക് ബെട്രി നകേരി ഗ്രാമത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്. മടിക്കേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നകേരി ഗ്രാമത്തിലെ തോട്ടത്തില്‍ കഴിഞ്ഞ ഒരു മാസമായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ചെറുപ്പത്തില്‍ തന്നെ കോഴിക്കോട് നിന്നും കുടകിലേക്ക് എത്തിയതാണെന്നും മറ്റ് ബന്ധുക്കളാരും ഇല്ലെന്നുമാണ് ഇദ്ദേഹം ഒപ്പമുള്ളവരോട് പറഞ്ഞിരുന്നത്.
പൊലീസിന്റെ ഔദ്യോഗിക രേഖകളിലും വിലാസം കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 19നാണ് മരണത്തിലേക്ക് നയിച്ച അത്യാഹിതമുണ്ടായത്. പറമ്പില്‍ കെട്ടിയിരുന്ന കന്നുകാലികളെ അഴിക്കുന്നതിനിടെ കാലികള്‍ പെട്ടെന്ന് ഓടിയതോടെ കാലില്‍ കയര്‍ കുരുങ്ങുകയും നിലത്തു കൂടെ വലിച്ചിഴച്ചതിനെ തുടര്‍ന്ന് കഴുത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ വീരാജ്പേട്ട് ഗവണ്മെന്റ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മടിക്കേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.30 ഓടെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിരാജ്പേട്ട പോലീസ് അധികൃതര്‍.


