കോട്ടയം: സമൂഹത്തിലേക്ക് ഖാദിയുടെ സന്ദേശമെത്തിക്കുന്നതിലൂടെ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ജലവിഭവ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേള 2026 ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഖാദി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നേരിട്ടു വഹിക്കുന്നതിനാൽ ഈ മേഖലയിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരാൻ സവിശേഷ ശ്രദ്ധയുണ്ടാകും. ഖാദി മേഖലയെ കൂടുതൽ ജനകീയമാക്കാൻ ഇതുപോലുള്ള മേളകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സി.എസ്.ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടന്ന ചടങ്ങിൽ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഷോറൂം സന്ദർശിച്ച മന്ത്രി ഖാദി ഷർട്ട് പീസും വാങ്ങിയാണ് മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭാ ചെയർമാൻ എം. പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡിസൈനർ ചുരിദാറുകളുടെ ലോഞ്ചിംഗും അദ്ദേഹം നിർവഹിച്ചു. ആദ്യ വിൽപ്പന നഗരസഭാംഗം ജോൺ സഖറിയാസ് നിർവഹിച്ചു.
കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് കുമാർ, എ. അനിത്ത്,സിയ പി. ജോസ്, കെ. മഹാദേവൻ,ഡോ. അഞ്ജു സി. നായർ എന്നിവർ പ്രസംഗിച്ചു.
എനിക്കും വേണം ഖാദി എന്ന ആശയവുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് ഓഗസ്റ്റ് 25 വരെയാണ് മേള നടത്തുന്നത്. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും വിവിധ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ/അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പണും ലഭിക്കും.


