കുട്ടനാട്ടിലെ കര്‍ഷകരെ മില്ലുകാര്‍ കൊള്ളയടിക്കുന്നു : കൊടിക്കുന്നില്‍ സുരേഷ് എംപി

ആലപ്പുഴ : കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങിയ സാഹചര്യത്തില്‍ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് സ്വകാര്യമില്ലുകാര്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. കുട്ടനാട്ടിലെ നിരവധി പാടശേഖരങ്ങളില്‍ കൊയ്ത്തു പൂര്‍ത്തിയാക്കി സംഭരണത്തിനായി നെല്ല് കെട്ടിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. നെല്‍ കര്‍ഷകര്‍ മൂന്നു കിലോ വരെ കിഴിവ് നല്‍കാന്‍ തയ്യാറാണെങ്കിലും മില്ലുകാര്‍ ഇല്ലാത്ത ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് നെല്ല് സംഭരണം നടത്താതെ കര്‍ഷകരെ കടക്കണിയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. നിലവില്‍ നെല്ലിന്റെ ഈര്‍പ്പം കടുത്ത വേനല്‍ മൂലം പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണുള്ളത്. വേനല്‍ മഴയും ഇതുവരെ ഉണ്ടായിട്ടില്ല. വേനല്‍ മഴ ഉടന്‍ എത്തിയേക്കാം എന്നതിനാല്‍ അടിയന്തരമായി കുട്ടനാട്ടിലെ നെല്ലിന്റെ സംഭരണം പൂര്‍ത്തിയാക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടറോടും പാഡി ഓഫീസരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisements

നെല്‍ കര്‍ഷകരെ കബളിപ്പിച്ച് അമിത ലാഭം ലക്ഷ്യമിടുന്ന മില്ലുകാരെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. എടത്വ ചങ്ങംങ്കരി ചിറയ്ക്കകം പാടശേഖരത്തില്‍ സന്ദര്‍ശനം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് കര്‍ഷകരോട് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. പാടശേഖര സമിതി പ്രസിഡണ്ട് ബാബു മാമ്പ്ര, ലിബിന്‍ ലോനപ്പന്‍, രോഹിണി കുമാര്‍, സിബിച്ചന്‍ വേളശ്ശേരി, ജോസപ്പുക്കുട്ടി മാമ്പ്ര, ജോസ്‌മോന്‍ ചേന്നങ്കര, മനോമണി തെള്ളിയില്‍, ഡിസിസി വൈസ് പ്രസിഡണ്ട് സജി ജോസഫ്, ജെ.റ്റി റാംസെ, ആന്റണി കണ്ണംകുളം, പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി ബിജോയ്, വര്‍ഗീസ് കോലത്തുപറമ്പ്, വിശ്വന്‍ വെട്ടത്തില്‍, പി.സി. ജോസഫ്, ജോസി പറത്തറ എന്നിവര്‍ എംപി യൊടൊപ്പം ഉണ്ടായിരുന്നു.

Hot Topics

Related Articles