മമ്മൂക്ക തന്റെ ബയോപിക് ചിത്രം എടുക്കാൻ തന്നെ സമ്മതിക്കുന്നില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഒരുപാട് തവണ ചോദിച്ചിട്ടും മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ല. ബാക്കി എല്ലാവർക്കും സമ്മതമാണ്. എന്നെങ്കിലും പച്ച കൊടി വീശും അന്ന് താൻ ആ പടം ചെയ്യുമെന്ന് ജൂഡ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയുടെ ബയോപിക് ചിത്രം എടുക്കാൻ അദ്ദേഹം എന്നെ സമ്മതിക്കുന്നില്ല. ബാക്കി എല്ലാവർക്കും സമ്മതമാണ് പക്ഷെ ഞാൻ ഒരുപാട് തവണ ചോദിച്ചിട്ടും വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണ് മമ്മൂക്ക പറയുന്നത്. എന്നെങ്കിലും മനസ്സ് മാറിയാൽ എനിക്ക് തന്നെ തരണമെന്ന് പറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമ്മൂക്ക ആദ്യം ബയോപിക് ചെയ്യാൻ സമ്മതിച്ചിരുന്നു. പിന്നെ ആരൊക്കെയോ അദ്ദേഹത്തെ പേടിപ്പിച്ചുവെന്നാണ് ഞാൻ അറിഞ്ഞത്. ഞാൻ മമ്മൂക്കയുടെ ജീവിതം സിനിമാ ആക്കുകയോ ഇല്ലെങ്കിലോ അങ്ങനെത്തെ ഒരു ജീവിതം എല്ലാവർക്കും ഒരു ഇൻസ്പിറേഷൻ ആണ്.
വൈക്കം പോലൊരു സ്ഥലത്ത് നിന്ന് ഒരു മാസികയിൽ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ട് അതിന് വേണ്ടി ഫോട്ടോ പോസ്റ്റ് അയച്ചു കൊടുത്ത ആളാണ്. ആ ആൾ മലയാള സിനിമയിലെ മെഗാസ്റ്റാറായി മാറിയെന്ന് പറയുന്നത് ഉഗ്രൻ കഥയാണ്. നിവിനെ നായകനാക്കിയാണ് ഞാൻ കഥ ആലോചിച്ചത്. അപ്പോൾ മമ്മൂക്കയോട് ഞാൻ ചോദിച്ചു നിവിൻ ആയതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞത് ദുൽഖറിനെ വെച്ചാണെങ്കിലും നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. എന്നെങ്കിലും ഈ പടത്തിന് മമ്മൂക്ക പച്ച കൊടി വീശും അപ്പോൾ ഞാൻ ഈ സിനിമ ചെയ്യും’, ജൂഡ് ആന്തണി പറഞ്ഞു.
അതേസമയം, ജൂഡിന്റെ ഏറ്റവും പുതിയ ചലച്ചിത്രം ‘2018’ എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്.
അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. നാല് ദിവസങ്ങൾകൊണ്ട് 32 കോടി രൂപയാണ് ലോകമെമ്പാടും ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.