കഴിഞ്ഞ വർഷങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ ഒന്നാകെ ഞെട്ടിച്ച ആളാണ് മമ്മൂട്ടി. വ്യത്യസ്തവും പുതുമയാർന്നതുമായിരുന്നു ഓരോ കഥാപാത്രങ്ങളും. ഈ വർഷം മമ്മൂട്ടിയുടേതായി ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ്. ഗൗതം വാസുദേവ് മേനോൻ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഡൊമനിക് ഏറെ ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.
ജനുവരി 23നാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ തിയറ്ററുകളിൽ എത്തിയത്. പിങ്ക് പാന്തർ ടച്ചിലിറങ്ങിയ ഈ ഡിറ്റക്റ്റീവ് ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് ഡൊമനിക് ഒടിടിയിൽ എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം മാർച്ച് 7ന് മമ്മൂട്ടി ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോയ്ക്ക് ആണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം പുറത്തുവരേണ്ടതുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സിന്റെ ബജറ്റ്. കേരളത്തിൽ നിന്നുമാത്രം 9.75 കോടി രൂപയാണ് ചിത്രം നേടിയത്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ കേരളത്തിൽ നിന്നും നേടിയ കളക്ഷൻ പോലും വൻ ഹൈപ്പിലെത്തിയ ഡൊമനിക്കിന് നേടാൻ സാധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 14.42 കോടിയാണ് വാലിബന്റെ കേരളത്തിലെ ക്ലോസിംഗ് ബോക്സ് ഓഫീസ് കളക്ഷൻ.
2025ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ പടങ്ങളുടെ ലിസ്റ്റിൽ നാലാമതാണ് മമ്മൂട്ടി ചിത്രം. തിയറ്റർ ഷെയർ കൂടാതെ മറ്റ് ബിസിനിസുകളിൽ നിന്നും ലാഭമുണ്ടാക്കാൻ ഈ ചിത്രത്തിന് സാധിച്ചുവെന്നാണ് നിർമാതാക്കളുടെ സംഘടന നേരത്തെ പറഞ്ഞത്. ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഏപ്രിൽ 10ന് സിനിമ റിലീസ് ചെയ്യും.