ലഹരി തേടി കര്‍ണാടക അതിര്‍ത്തിയിലേക്ക് ആളൊഴുക്ക്‌; ഇന്ന് അറസ്റ്റിലായത് മലപ്പുറം സ്വദേശി

വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ഗ്രാമങ്ങളിലേക്ക് ലഹരി തേടി ആളുകളുടെ ഒഴുക്ക്.കര്‍ണാടക അതിര്‍ത്തിയിലെ പുല്‍പ്പള്ളി മരക്കടവില്‍ വച്ച് ഇന്നും കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisements


മലപ്പുറം കിഴക്കേക്കര വീട്ടില്‍ അബ്ബാസാണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 450 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞദിവസവും മറ്റുജില്ലകളില്‍ നിന്നുള്ള ആളുകളെ എക്‌സൈസ്, പോലീസ് അധികൃതര്‍ പിടികൂടിയിരുന്നു. എം.ഡി.എം.എ., കഞ്ചാവ് തുടങ്ങിയ ലഹരികളുടെ കേന്ദ്രമാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങള്‍.

അധികൃതരുടെ ശ്രദ്ധ പെട്ടന്ന് പതിയാത്തതാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ലഹരി സുലഭമാകാന്‍ കാരണം. വയനാട്ടില്‍ നിന്നുത്ഭവിക്കുന്ന കബനി നദിയാണ് വയനാടിനെയും കര്‍ണാടകയെയും തമ്മില്‍ അതിര്‍ത്തി തിരിക്കുന്നത്. അക്കരെ ഇക്കരെ കടക്കാന്‍ ഇവിടെ തോണി സര്‍വീസുമുണ്ട്. കേരള പോലീസ്, എക്‌സൈസ് അധികൃതര്‍ എത്തിയാല്‍ ലഹരി വില്‍പനക്കാരും ഇടപാടുകാരുംനേരെ പുഴയിലേക്ക് ചാടി മറുകര കര്‍ണാടകയിലെത്തും.

കേരളത്തിന്റെ അധികാരപരിധിയിലല്ലാത്തതിനാല്‍ ലഹരിമാഫിയക്ക് രക്ഷപെടാന്‍ എളുപ്പമാണ്. കര്‍ണാടക ഗ്രാമങ്ങളില്‍ കര്‍ണാടക അധികൃതര്‍ പരിശോധനക്കെത്തുമ്പോള്‍ മറിച്ചും സംഭവിക്കുന്നു. കേരളത്തില്‍ ചാരായ നിരോധനം വന്നതിനെതുടര്‍ന്നാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങള്‍ പെട്ടന്ന് കുപ്രസിദ്ധിയാര്‍ജിച്ചത്. കര്‍ണാടകയില്‍ നിരോധനം ഇല്ലാത്തതിനാല്‍ കബനി നദി കടന്ന് മദ്യപിക്കാനായി കേരളത്തില്‍ നിന്ന് നൂറുകണക്കിന് പേരാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ എത്തിയിരുന്നത്. മൂലവെട്ടി എന്നറിയപ്പെടുന്ന പായ്ക്കറ്റ് ചാരായമായിരുന്നു ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാലംമാറിയതോടെ മദ്യത്തിന്റെ സ്ഥാനത്ത് മാരകമായ ലഹരി വസ്തുക്കളാണ് അതിര്‍ത്തി കേന്ദ്രീകരിച്ച് വിപണനം ചെയ്യുന്നത്. കര്‍ണാടകയില്‍ നിന്ന് 1000 രൂപയ്ക്ക് കഞ്ചാവ് പൊതി വാങ്ങി കേരളത്തിലെത്തിച്ചാല്‍ഏറ്റവും കുറഞ്ഞത് 10000 രൂപക്കെങ്കിലും വില്‍പന നടത്താമെന്നാണ് ലഹരി വില്‍പനക്കാര്‍ പറയുന്നത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ആരംഭിച്ചതോടെയാണ് ലഹരി കടത്തുകാര്‍ കുറച്ചെങ്കിലും പിടിയിലാകാന്‍ തുടങ്ങിയത്.

Hot Topics

Related Articles