പയ്യന്നൂർ: കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസുകളും ഉണ്ടാകും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് ജയിലിലായ സ്ഥാനാർത്ഥിയെ കുറിച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രതികരണം. പയ്യന്നൂർ നഗരസഭ 46ാം വാർഡിലാണ് വി കെ നിഷാദ് മത്സരിക്കുന്നത്. സ്ഥാനാർത്ഥിക്കായുള്ള പ്രചരണം കൊഴുപ്പിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ. നിഷാദിനായി വിവിധ സംഘങ്ങളായി വീടുകള്‍ കയറി വോട്ടഭ്യർത്ഥിക്കുകയാണ് ഡിവൈഎഫ്‌ഐ.വികെ നിഷാദ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും.
പൊലീസിനെതിരെ ബോംബെറിഞ്ഞത് ഇവരാണ് എന്ന് ആരെങ്കിലും പറഞ്ഞോ ? കോടതിയുടേത് അന്തിമവിധി അല്ല. ഇനിയും കോടതികള്‍ ഉണ്ടെന്നും സനോജ് പറഞ്ഞു.ഇരുപത് വർഷത്തേക്കാണ് നിഷാദിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും നിഷാദിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു പാർട്ടി തീരുമാനം. കേസില്‍ വിധി വരുമെന്ന് അറിയാമായിരുന്നതിനാല്‍ ഡമ്മി സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ജയിലിലായിട്ടും നിഷാദ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലെത്തുകയാണ് ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്രിക നല്‍കിയ സമയത്ത് വിധി വരാത്തതിനാല്‍ മത്സരിക്കാൻ തടസമില്ലായിരുന്നു. കൊലപാതകവും കൊലപാതക ശ്രമവും ഉള്‍പ്പെടെ 19 കേസില്‍ പ്രതിയായ നിഷാദ് കഴിഞ്ഞ അഞ്ചുവർഷമായി മറ്റൊരു വാർഡില്‍ കൗണ്‍സിലറായിരുന്നു.ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രതിസന്ധിയുണ്ടാകില്ലെന്നും നിയമപരമായി അതിനെ നേരിടുമെന്നുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞിരിക്കുന്നത്.


