അഹമ്മദാബാദ് :സത്യാന്വേഷണവും അഹിംസയും ജീവിതമാർഗമാക്കിയ മഹാത്മാഗാന്ധിയുടെ 156-മത് ജന്മദിനത്തിന്റെ നിറവിൽ രാജ്യം രാഷ്ട്രപിതാവിനെ ഓർമ്മിക്കുന്നു. ഗാന്ധിസ്മരണകൾ കൊണ്ട് സമ്പന്നമായ സബർമതി നദീതീരത്തെ ആശ്രമമാണ് രാജ്യത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രം. സ്വാതന്ത്ര്യസമരകാലത്തെ ഉണർത്തിയ ഭൂപ്രദേശം കൂടിയാണ് ഇത്. ചരിത്രപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിനായി 78 അനുയായികളോടൊപ്പം ഗാന്ധിജി നടന്നുതുടങ്ങിയത് സബർമതി ആശ്രമത്തിൽ നിന്നാണ്.ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഗാന്ധിജി ആദ്യം കൊച്ചാർബിൽ ആശ്രമം തുടങ്ങുകയായിരുന്നു. കൃഷി, നൂൽപ്പാട്ട്, കാലിവളർത്തൽ, കൈത്തൊഴിൽ തുടങ്ങിയ സ്വാശ്രയപരീക്ഷണങ്ങൾക്ക് കൂടുതൽ സ്ഥലാവശ്യമായതോടെ 1917 ജൂൺ 17-ന് ആശ്രമം സബർമതിയിലേക്ക് മാറ്റി.
അന്നത്തെ ജാതി വേർതിരിവ് നിറഞ്ഞ സമൂഹത്തിൽ ഗാന്ധിയുടെ പരീക്ഷണങ്ങൾ അമ്പരപ്പുണ്ടാക്കി.ആശ്രമജീവിതം സമത്വത്തിൻ്റെയും കൂട്ടുജീവിതത്തിൻ്റെയും മാതൃകയായിരുന്നു. 4 മണിക്ക് ആരംഭിച്ച് 9 മണിവരെ സജീവമായിരുന്ന ആശ്രമത്തിൽ പച്ചക്കറി നുറുക്കുന്നതിൽ നിന്ന് കക്കൂസ് വൃത്തിയാക്കുന്നത് വരെയുള്ള എല്ലാ ജോലികളും എല്ലാവരും പങ്കെടുത്തു. സംഗീതമില്ലാത്ത പ്രാർത്ഥനയെ ഗാന്ധിജി പ്രാധാന്യമായി കരുതി. സ്വദേശി, നിർഭയത്വം, സമത്വം എന്നിവയുടെ സന്ദേശം നൽകുന്ന കേന്ദ്രമായി ആശ്രമം മാറി. മതസൗഹൃദത്തിന്റെ പാഠശാലയായിരുന്ന സബർമതിയിൽ സഹജീവികൾക്കും സ്ഥാനമുണ്ടായിരുന്നു.ഉപ്പുസത്യാഗ്രഹത്തെ തുടർന്നുണ്ടായ അറസ്റ്റുകളിൽ അറുപതിനായിരത്തോളം സ്വാതന്ത്ര്യസേനാനികൾ ഇന്ത്യൻ ജയിലുകളിൽ അടച്ചുപൂട്ടപ്പെട്ടു. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയപ്പോൾ ബ്രിട്ടീഷുകാർക്ക് സബർമതി ആശ്രമം പിടിച്ചെടുക്കാൻ ധൈര്യമുണ്ടായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാതന്ത്ര്യം ലഭിക്കാതെ ആശ്രമത്തിലേക്ക് തിരിച്ചുകയറില്ലെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. എന്നാൽ രാജ്യത്തിന് സ്വാതന്ത്രത്തിൻ്റെ മധുരത്തോടൊപ്പം വിഭജനത്തിൻ്റെയും വർഗീയതയുടേയും കയ്പും അനുഭവിക്കേണ്ടി വന്നു.മതഭ്രാന്തന്റെ വെടിയേറ്റ് രാഷ്ട്രപിതാവ് ജീവൻ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം നട്ട വിത്തുകൾ ഇന്ന് സബർമതി ആശ്രമത്തിൽ തണൽമരങ്ങളായി വളർന്നുനിൽക്കുന്നു. രാജ്യത്തെ നൂറുകണക്കിന് സന്ദർശകരെ സത്യത്തിന്റെയും അഹിംസയുടെയും പാതയിൽ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് ആശ്രമം ഇപ്പോഴും നിലകൊള്ളുന്നു.


