പാണ്ഡ്യയുടെ പടുകൂറ്റൻ അടി..! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ടീം ഇന്ത്യ; ഒപ്പം പരമ്പരയും സ്വന്തം

അഹമ്മദാബാദ്: നിർണ്ണായകമായ നാലാം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും വിജയം നേടി ടീം ഇന്ത്യ. ബാറ്റിംങിനിറങ്ങി മിന്നൽ അര സെഞ്ച്വറിയും ബൗളിംങിൽ ഒരു വിക്കറ്റും നേടിയ ഓൾ റൗണ്ട് പ്രകടനത്തോടെ കളം നിറഞ്ഞ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടമാക്കി നേടിയ 231 റണ്ണിന് 30 റൺ അകലെ എട്ടു വിക്കറ്റ് നഷ്ടമാക്കി ദക്ഷിണാഫ്രിക്ക ബാറ്റിംങ് അവസാനിപ്പിച്ചു. വിജയത്തോടെ ഇന്ത്യ 3-1 ന് പരമ്പരയും സ്വന്തമാക്കി.

Advertisements

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. പരിക്കേറ്റ ഗില്ലിനു പകരം ക്രീസിലെത്തിയ സഞ്ജു സാംസണും (22 പന്തിൽ 37) അഭിഷേക് ശർമ്മയും (21 പന്തിൽ 34) ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ രണ്ടു പേരും ചേർന്ന് 63 റണ്ണാണ് അടിച്ചെടുത്തത്. ബോഷിന്റെ പന്തിൽ ഡിക്കോക്കിന് ക്യാച്ച് നൽകി അഭിഷേക് പുറത്തായതിനു പിന്നാലെ ക്രീസിൽ എത്തിയ തിലക് വർമ്മ വെടിക്കെട്ട് ബാറ്റിംങാണ് കാഴ്ച വച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഞ്ജുവിന് ഒരു വശത്ത് നിർത്തി ഒരു ഘട്ടത്തിൽ തിലക് കത്തിക്കയറി. സ്‌കോർ 97 ൽ നിൽക്കുമ്പോൾ ലിൻഡെയുടെ മികച്ച ഒരു പന്ത് സഞ്ജുവിന്റെ വിക്കറ്റ് തെറുപ്പിച്ചു. 115 ൽ പതിവ് പോലെ കാര്യമായ സംഭാവന നൽകാതെ ക്യാപ്റ്റൻ സൂര്യ (5) പുറത്ത്. ഇതിന് ശേഷം ക്രീസിൽ എത്തിയ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിംങാണ് ഇന്ത്യയെ 200 കടത്തിയത്. 25 പന്തിൽ അഞ്ചു വീതം സിക്‌സും ഫോറും പറത്തിയാണ് പാണ്ഡ്യ 63 റൺ എടുത്തത്. സ്‌കോർ 220 ൽ എത്തിച്ച ശേഷമാണ് പാണ്ഡ്യ പുറത്തായത്.

അവസാന ഓവറിന്റെ അഞ്ചാം പന്തിൽ പുറത്താകും മുൻപ് തിലക് വർമ്മ 42 പന്തിൽ 10 ഫോറും ഒരു സിക്‌സും സഹിതം 73 റൺ അടിച്ച് കൂട്ടിയിരുന്നു. മൂന്നു പന്തിൽ 10 റണ്ണുമായി ശിവം ദുബൈ നിർണ്ണായക സംഭാവന നൽകി. മറുപടി ബാറ്റിംങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഡിക്കോക്കും (65) ഹെൻട്രിക്കസും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 12 പന്തിൽ 13 റൺ എടുത്ത ഹെൻട്രിക്കസ് പുറത്താകുമ്പോഴേയ്ക്കും ഡിക്കോക്ക് അർദ്ധ സെഞ്ച്വറിയ്ക്ക് അടുത്തെത്തിയിരുന്നു. വരുൺ ചക്രവർത്തിയാണ് ഇന്ത്യയ്ക്ക് നിർണ്ണായക ബ്രേക്ക് ത്രൂ നൽകിയത്.

പിന്നാലെ ക്രീസിൽ എത്തിയ ബ്രെവിസ് (17 പന്തിൽ 31) ഡിക്കോക്കിനൊപ്പം ചേർന്ന് അടി തുടർന്നു. ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലേയ്ക്കു നീങ്ങുമെന്ന ഘട്ടം എത്തി. ഈ സമയത്ത് സാക്ഷാൽ ബുംറ അവതരിച്ചു. സ്വന്തം ബൗളിംങിൽ ഡിക്കോക്കിനെ പിടിച്ച ബുംറ ഇന്ത്യയ്ക്ക് ചില്ലറയല്ല ആശ്വാസം നൽകിയത്. ഈ സമയം ദക്ഷിണാഫ്രിക്ക 10.2 ഓവറിൽ 120 ൽ എത്തിയിരുന്നു. തൊട്ടടുത്ത ഓവറിൽ ബ്രവീസിനെ വീഴ്ത്തിയ പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്ക് കൂട്ടിച്ചേർക്കാൻ സമ്മതിച്ചത് രണ്ട് റൺ മാത്രമായിരുന്നു.

135 ൽ എയ്ഡൻ മാക്രത്തെ (6) വീഴ്ത്തിയ വരുൺ ചക്രവർത്തി, തൊട്ടടുത്ത പന്തിൽ ഫെരേരിയയെയും (0) പുറത്താക്കി. ഇതോടെ 135 ന് അഞ്ച് എന്ന നിലയിൽ ദക്ഷിണാഫ്രിക്ക തകർന്നു. 154 ൽ മില്ലറെ (18) അർഷദീപും, 163 ൽ ലിൻഡെയെ (16) വരുണും വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കൻ പ്രതിരോധം ഏതാണ്ട് അവസാനിച്ചു. 177 ൽ മാർക്കോ ജാൻസൺ ബുംറയുടെ പന്തിൽ സാംസണിന് ക്യാച്ച് നൽകിയതോടെ അവസാനം വരെ കളി എത്തിക്കുക മാത്രമായി ദക്ഷിണാഫ്രിക്കൻ ലക്ഷ്യം. ബോഷ്ച്ചും (17) , എൻഡിനിയും (7) പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ വരുൺ ചക്രവർത്തി നാലും, ബുംറ രണ്ടും, പാണ്ഡ്യയും അർഷദീപും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles