മുംബൈ: ചേട്ടന്റെ വിളയാട്ടത്തിനൊപ്പം ചെണ്ടയെന്ന് വിളിച്ച ചെന്നൈ ബൗളർമാരും അഴിഞ്ഞാടിയതോടെ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിംങ്‌സ്. സഞ്ജു സാംസണിന്റെ സെഞ്ച്വറിക്കരുത്തിൽ ചെന്നൈ ഇരുപത് ഓവർ ബാറ്റ് ചെയ്ത് നേടിയ 207 റണ്ണിന് എതിരെ മുംബൈ കീഴടങ്ങുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈയ്ക്ക് വേണ്ടി അവസാന ഓവർ വരെ അപരാജിതനായി പോരാടി നിന്നാണ് സാംസൺ വിജയത്തേര് തെളിച്ചത്. ആദ്യ രണ്ടു വിക്കറ്റുകൾ അടക്കം നാല് ഓവറിൽ 17 റൺ അടക്കം നാലു വിക്കറ്റ് വീഴ്ത്തിയ അകിലേക് ഹുസൈനും ചെന്നൈയുടെ വിജയത്തിൽ നിർണ്ണായകമായി ശക്തിയായി. 20 ഓവർ ബാറ്റ് ചെയ്തിട്ടും 104 റൺ മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. 103 റണ്ണിന്റെ ഉജ്വല വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.
ടോസ് നഷ്ടമായ ചെന്നൈ ബാറ്റിംങിന് ഇറങ്ങാൻ നിർബന്ധിതരാകുകയായിരുന്നു. പതിവിന് വിപരീതമായി ഗെയ്ദ് വാഗ് (22) ആക്രമണത്തോടെ തുടങ്ങുകയായിരുന്നു. എന്നാൽ, രണ്ടാം ഓവറിന്റെ അവസാന പന്തിൽ ചെന്നൈ സ്‌കോർ 32 ൽ നിൽക്കെ ഗാസ്ഫാറിന്റെ പന്തിൽ തിലക് വർമ്മയ്ക്ക് ക്യാച്ച് നൽകിയാണ് റിതു പുറത്തായത്. പിന്നാലെ, സഞ്ജു ആക്രമണത്തിലേയ്ക്കു കടന്നു. റൺറേറ്റ് ഒരു ഘട്ടത്തിലും താഴാതെ ആക്രമണവും പ്രതിരോധവും സംയോജിപ്പിച്ചാണ് സഞ്ജു സി.എസ്.കെ ബാറ്റിംങിനെ നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്‌കോർ 72 ൽ നിൽക്കെ സർഫാസ് ഖാനും (14) സാറ്റ്‌നറുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയി മടങ്ങി. സഞ്ജു ഒരു വശത്ത് ആക്രമണം കടുപ്പിക്കുമ്പോൾ മറുവശത്ത് ചെന്നെയുടെ വിക്കറ്റുകൾ പൊഴിയുകയായിരുന്നു. ശിവം ദുബൈ (5) 91 ലും, ആക്രമണത്തിന് ശ്രമിച്ച് ഡേവാൾഡ് ബ്രവിസ് (21) 122 ലും , അടിച്ചു കളിച്ച കാർത്തിക് ശർമ്മ (18) 165 ലും പ്രതീക്ഷിച്ച ജോലി പൂർത്തിയാക്കാതെ ജെയിംസ് ഓവർടൺ (15) 181 ലും വീണെങ്കിലും അകീൽ ഹൊസൈനെ (2) ഒരു വശത്ത് നിർത്തി സഞ്ജു ടീമിനെ മുന്നോട്ടു നയിച്ചു. അവസാന ഓവറിൽ രണ്ടു സിക്‌സും ഒരു ഫോറും പറത്തി സെഞ്ച്വറിയും അടിച്ച് ടീമിനെ 200 ഉം കടത്തിയ ശേഷമാണ് സഞ്ജു ഗ്രൗണ്ട് വിട്ടത്. കളത്തിൽ നിന്നും മടങ്ങിയ സഞ്ജുവിനെ മുംബൈ ക്യാപ്പ് കൈകൊടുത്ത് തോളിൽ തട്ടിയാണ് അഭിനന്ദിച്ചത്. മുംബൈയ്ക്ക് വേണ്ടി ഗാസൻഫാറും അശ്വിനി കുമാറും രണ്ടും സാറ്റ്‌നറും ബുംറയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച മുംബൈയെ ഞെട്ടിച്ച് ഏഴു റണ്ണിന് രണ്ടു പേരെ ചെന്നൈ മടക്കി. ആദ്യം ഓപ്പണർ ഡാനിഷ് മേൽവാറിനെ (0) നേരിട്ട ആദ്യ പന്തിൽ തന്നെ അകിൽ ഹുസൈൻ സഞ്ജുവിന്റെ കയ്യിൽ എത്തിച്ചു. രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ഡിക്കോക്ക് (7) മുകേഷ് ചൗധിരിയുടെ പന്തിൽ ക്ലീൻ ബൗൾഡ്. പിടിച്ചു നിൽക്കുമെന്നു പ്രതീക്ഷിച്ച നമാൻ ധിർ റണ്ണെടുക്കും മുൻപ് ഹുസൈന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആതോടെ 11 ന് മൂന്ന് എന്ന നിലയിലായി മുംബൈ. തിലകും (37) സൂര്യയും (35) ചേർന്ന് കളി പതിയെ മുന്നോട്ട് കൊണ്ടു പോകുന്നതിനിടെ വീണ്ടും ഹുസൈൻ മുംബൈയ്ക്ക് വില്ലനായി. 84 ൽ തിലകിനെ വീഴ്ത്തിയ ഹുസൈനും 85 ൽ പാണ്ഡ്യയെയും (1) റൂതർ ഫോർഡിനെയും (0) വീഴ്ത്തിയ നൂർ അഹമ്മദും ചേർന്ന് മുംബൈയെ പരാജയത്തിന്റെ നടുക്കുഴിയിലേയ്ക്ക് തള്ളിയിട്ടു. ഒരു റൺ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും മുംബൈയ്ക്ക് മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്. തന്റെ അവസാന ഓവർ തീരും മുൻപ് , ആദ്യ പന്തിൽ തന്നെ സൂര്യയെ കൂടി വീഴ്ത്തിയ ഹുസൈൻ മുംബൈയുടെ തോൽവിയിൽ അവസാന ആണിയടിച്ചു. പതിയെ തട്ടിമുട്ടി കളി മുന്നോട്ട് പോകുന്നതിനിടെ ക്രിഷ് ഭഗത്തിനെ (7) ഓവർടണ്ണും, ഷാർദൂർ താക്കൂറിനെ (6) കാംബോജും വീഴ്ത്തിയതോടെ മുംബൈ തോൽവി സമ്മതിച്ചു. അവസാന വിക്കറ്റായി ബുംറയെ (2) സാംസണിന്റെ കയ്യിൽ എത്തിച്ച് ഗുർപ്രീത് കളി അവസാനിപ്പിച്ചു.

