അഹമ്മദാബാദ്: ഐപിഎല്‍ 2026-ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ പേസര്‍ അശോക് ശര്‍മ്മ ചരിത്രം കുറിച്ചു. ശനിയാഴ്ച അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെയാണ് 23-കാരനായ ഈ താരം തന്റെ വേഗത കൊണ്ട് വിസ്മയിപ്പിച്ചത്. മത്സരത്തിന്റെ 16-ാം ഓവറിലെ അവസാന പന്തില്‍ മണിക്കൂറില്‍ 154 കിലോമീറ്റര്‍ വേഗതയിലാണ് അശോക് പന്തെറിഞ്ഞത്.
ഇതോടെ ആന്റിച്ച് നോര്‍ക്കിയെ മറികടന്ന് ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോര്‍ഡ് അശോക് സ്വന്തമാക്കി. ഇതേ ഓവറിലെ നാലാം പന്തില്‍ താരം 150.7 കിലോമീറ്റര്‍ വേഗതയും രേഖപ്പെടുത്തിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഈ യുവതാരം പന്ത് ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവില്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 55 ലക്ഷം രൂപയ്ക്ക് ടീമിലെടുത്ത അശോക്, പിന്നീട് രാജസ്ഥാന് റോയല്‍സിലും ഭാഗമായിരുന്നു. 2026ലെ ലേലത്തില്‍ 90 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കിയത്. ഇതുവരെ 11 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുകള്‍ ഈ യുവതാരം വീഴ്ത്തിയിട്ടുണ്ട്.

