ഇറാൻ്റെ ഭരണത്തിൽ നിർണ്ണായക മാറ്റം; രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം; പരമോന്നത നേതാവിൻ്റെ പരമാധികാരം കുറഞ്ഞതായും റിപ്പോർട്ട് 

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച്‌ രണ്ട് മാസം പിന്നിടുമ്പോള്‍, ഇറാന്റെ ഭരണസംവിധാനത്തില്‍ നിർണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളില്‍ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് പരമോന്നത നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍, സൈനിക കമാൻഡർമാരുടെ പക്കലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോർട്ട് പറയുന്നത്.

Advertisements

മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാരമേറ്റ മകൻ മുജ്‌തബ ഖമനെയിക്ക് പിതാവിനെപ്പോലെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. സൈനിക ജനറലുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നിലയിലേക്ക് അദ്ദേഹം ഒതുങ്ങിയെന്നും, സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതല്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നുവെന്നുമാണ് വാർത്താ ഏജൻസി പറയുന്നത്. ഇതാണ് സമാധാന ചർച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നയതന്ത്രപരമായ മറുപടികള്‍ നല്‍കുന്നതില്‍ ഇറാൻ്റെ ഭാഗത്തുണ്ടാകുന്ന കാലതാമസത്തിന് കാരണവും ഏകീകൃത നേതൃത്വത്തിൻ്റെ അഭാവമെന്നാണ് റിപ്പോർട്ട്. മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോള്‍ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്. ഇത് മേഖലയിലെ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതില്‍ നിർണ്ണായകമാകും.

Hot Topics

Related Articles