അഹമ്മദാബാദ് : 2026 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരാനിരിക്കെ, ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ താരം ആകാശ് ചോപ്ര. ഓപ്പണർ സഞ്ജു സാംസണ് മാറ്റ് ഹെൻറിയെ നേരിടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഹാർദിക് പാണ്ഡ്യയുടെ പ്രകടനം നിർണ്ണായകമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി സഞ്ജു സാംസണ് വലിയ വെല്ലുവിളിയാകുമെന്ന് ചോപ്ര കരുതുന്നു. ‘സഞ്ജു ഹെൻറിക്കെതിരെ അല്പം ശ്രദ്ധിക്കണം. ഹെൻറി വളരെ ബുദ്ധിമാനായ ബൗളറാണ്. ഫുള്‍ ലെങ്ത് പന്തുകള്‍ എറിഞ്ഞ് സഞ്ജുവിനെ കുടുക്കാൻ അദ്ദേഹം ശ്രമിക്കും. ഗുവാഹത്തിയില്‍ ഹെൻറിയുടെ പന്തില്‍ സഞ്ജു ഗോള്‍ഡൻ ഡക്കായി മടങ്ങിയത് മറക്കരുത്. ലോക്കി ഫെർഗൂസനെതിരെയും ഇന്ത്യൻ ബാറ്റർമാർ കരുതിയിരിക്കണം.’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ മത്സരങ്ങളിലും 250 റണ്‍സ് ആവശ്യമില്ലെന്നും, തുടക്കത്തില്‍ പിച്ചില്‍ സമയം ചിലവഴിച്ച ശേഷം വേഗത കൂട്ടുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഹാർദിക് പാണ്ഡ്യയുടെ നാല് ഓവറുകള്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുമെന്ന് ചോപ്ര നിരീക്ഷിച്ചു.
‘ഹാർദിക്കിന് നല്ലൊരു ദിവസമെങ്കില്‍ അത് ഇന്ത്യയുടെയും നല്ല ദിവസമായിരിക്കും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിയും. ഈ ഗ്രൗണ്ടില്‍ കളിച്ച വലിയ പരിചയം ഹാർദിക്കിനുണ്ട്. ഇവിടെ നിന്ന് പോയപ്പോള്‍ ഒരുപാട് പേർ കൂവിവിളിച്ചെങ്കിലും, അതേ മണ്ണില്‍ ലോകകപ്പ് ഉയർത്തുന്നത് ഹാർദിക്കിനെ സംബന്ധിച്ച് വലിയൊരു മധുരപ്രതികാരം കൂടിയാകും.’
ടൂർണമെന്റില്‍ ഇതുവരെ 199 റണ്‍സും 8 വിക്കറ്റും നേടിയ ഹാർദിക് സെമിഫൈനലിലെ തകർപ്പൻ സ്പെല്ലിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.


