നാലിലേയ്ക്കു നാലടി വച്ചു രാജസ്ഥാൻ..! നിർണ്ണായക വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകളുമായി രാജസ്ഥാന്റെ പോരാട്ടം; പഞ്ചാബിനെ തോൽപ്പിച്ചത് നാലു വിക്കറ്റിന്

ധർമ്മശാല: നിർണ്ണായകമായ അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ച രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. 14 കളികളിൽ നിന്നും 14 പോയിന്റുള്ള രാജസ്ഥാൻ വീണ്ടും നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. നെറ്റ് റൺറേറ്റിൽ നേരിയ മുൻതൂക്കമുള്ള രാജസ്ഥാന് ഇനിയുള്ള കളികളിൽ ബാംഗ്ലൂരും , മുംബൈയും പരാജയപ്പെട്ടാൽ പ്ലേ ഓഫ് കളിക്കാൻ സാധ്യതയുണ്ട്.
സ്‌കോർ
പഞ്ചാബ് -187-5
രാജസ്ഥാൻ -189-6

ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ആശിച്ച തുടക്കം തന്നെയാണ് ബോൾട്ട് രാജസ്ഥാനു നൽകിയതും. ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ മനോഹരമായ ക്യാച്ചിലൂടെ പ്രഭുസിമ്രാനെ (2) ബോൾട്ട് പുറത്താക്കി. എന്നാൽ, ധവാനും (17), ടൈഡും (19) ചേർന്ന് പവർപ്ലേ നന്നായി മുതലാക്കി. ആദ്യ ഓവറിൽ രണ്ട് റൺ മാത്രമുണ്ടായിരുന്ന പഞ്ചാബ് പിന്നീടുള്ള രണ്ട് ഓവറിൽ നിന്ന് അടിച്ചെടുത്തത് 36 റണ്ണാണ്. മൂന്നാം ഓവറിന്റെ നാലാം പന്തിൽ ടൈഡും, അഞ്ചാം ഓവറിൽ ധവാനും പുറത്തായി. കഴിഞ്ഞ കളിയിൽ അടിച്ചു കളിച്ച ലിവിംങ്സ്റ്റണ്മിനെ (9) സൈനി പുറത്താക്കി ആഞ്ഞടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമിച്ചു കളിച്ച ജിതേഷ് ശർമ്മ (28 പന്തിൽ 44) വീണെങ്കിലും, അവസാന ഓവറുകളിൽ സാം കറനും (31 പന്തിൽ 49), ഷാറൂഖ് ഖാനും (23 പന്തിൽ 41) പുറത്താകാതെ നിന്ന് അവസാന ഓവറുകളിൽ കത്തിക്കയറി. ഇതോടെയാണ് പഞ്ചാബ് 187 എന്ന മാന്യമായി സ്‌കോറിൽ എത്തിയത്. രാജസഥാനു വേണ്ടി സൈനി മൂന്നും, സാംപയും, ബോൾട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംങിൽ ആദ്യം തന്നെ ജോസ് ബട്‌ലറിനെ (0) നഷ്മായ രാജസ്ഥാൻ പിന്നീട് കരുതിയാണ് കളിച്ചത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ദേവ് ദത്ത് പടിക്കലും (51), ജയ്‌സ്വാളും (50) ചേർന്നു മികച്ച രീതിയിൽ മുന്നേറി. സ്‌കോർ 85 ൽ നിൽക്കെ പടിക്കൽ മടങ്ങി, പിന്നാലെ എത്തിയ സഞ്ജു (2) പതിവ് ശൈലിയിൽ ഉത്തരവാദിത്വമില്ലാതെ ബാറ്റ് വീശി മടങ്ങിയതോടെ രാജസ്ഥാൻ ബാറ്റിംങിൽ പ്രതിസന്ധി ഉടലെടുത്തു. പിന്നീട്, ജയ്‌സ്വാളും ഹിറ്റ്‌മെറും ചേർന്നു ബാറ്റിംങിനെ നയിച്ചു. അര സെഞ്ച്വറി തികച്ചതിന്റെ തൊട്ടു പിന്നാലെ ജയ്‌സ്വാളും പുറത്തായി. ആക്രമിച്ചു കളിക്കാൻ ശ്രമിച്ച പരാഗ് 12 പന്തിൽ 20 റണ്ണുമായി മടങ്ങി.

പിന്നാലെ, ഇംപാക്ട് സബായി ജുറൽ ഇറങ്ങി. അടിച്ചു തകർത്ത് രാജസ്ഥാനെ ഡ്രൈവിംങ് സീറ്റിൽ എത്തിച്ച ഹിറ്റ്‌മേറിനെ ധവാൻ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി. മൂന്നു സിക്‌സും നാലു ഫോറും പറത്തിയ ഹിറ്റ്‌മേർ ഈ സമയം 46 റണ്ണടിച്ചിരുന്നു. അവസാന ഓവറിൽ ജയിക്കാൻ രാജസ്ഥാന് വേണ്ടിയിരുന്നത് ഒൻപത് റണ്ണായിരുന്നു. പത്തൊൻപതാം ഓവറിന്റെ നാലാം പന്ത് സിക്‌സറിനു പറത്തി ധ്രുവ് ജുവറൽ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ആകാശത്തോളം ഉയർത്തി. നാലു പന്തിൽ നിന്നും പത്ത് റണ്ണെടുത്ത ധ്രുവാണ് രാജസ്ഥാനെ ഈ സീസണിൽ നില നിർത്തിയത്.

Hot Topics

Related Articles