ടെൽ അവീവ് : പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിടുന്നത് തുടരുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC).നെതന്യാഹുവിനെ ഒരു ക്രിമിനല്‍ സയണിസ്റ്റ് പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച ഐആർജിസി, അദ്ദേഹം ജീവനോടെയുണ്ടെങ്കില്‍ പിന്തുടർന്ന് വധിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കുറ്റവാളിയും പിഞ്ചുകുഞ്ഞുങ്ങളുടെ ഘാതകനുമായ നെതന്യാഹുവിനെ വിടാതെ പിന്തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. മേഖലയിലെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളെയും യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’-ന്റെ 52-ാം ഘട്ടത്തിന്റെ ഭാഗമായാണ് പ്രസ്താവന പുറത്തുവന്നത്.
ടെല്‍ അവീവിലെ വ്യവസായ മേഖലകള്‍ക്ക് നേരെ ഇറാൻ സേന ശക്തമായ മിസൈല്‍ ആക്രമണം നടത്തിയതായും ഇത് വലിയ നാശനഷ്ടങ്ങള്‍ക്കും നഗരത്തിലുടനീളം ആംബുലൻസ് സൈറണുകള്‍ മുഴങ്ങുന്നതിനും കാരണമായതായും ഇറാൻ അവകാശപ്പെട്ടു. കൂടാതെ ഇർബിലിലെ അല്‍-ഹരീർ എയർ ബേസ്, കുവൈറ്റിലെ അലി അല്‍ സലേം എയർ ബേസ്, ക്യാമ്പ് അരിഫ്ജാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഐആർജിസി അറിയിച്ചു. നെതന്യാഹുവിന്റെ വിധി എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമോ അല്ലെങ്കില്‍ കുടുംബത്തോടൊപ്പം ഇസ്രായേലില്‍ നിന്ന് പലായനം ചെയ്തിരിക്കാമോ എന്ന സംശയവും ഇറാൻ പ്രകടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസ് തള്ളിക്കളഞ്ഞു. നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ അദ്ദേഹത്തിന്റെ കൈവിരലുകളില്‍ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് ഇത് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് നിർമ്മിതമാണെന്നോ ഡീപ്‌ഫേക്ക് ആണെന്നോ ഉള്ള ആരോപണങ്ങള്‍ ഉയർന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. മാർച്ചില്‍ പങ്കുവെച്ച തന്റെ അവസാന വീഡിയോയില്‍ ഇസ്രായേല്‍ ഇറാനെയും ഹിസ്ബുള്ളയെയും തകർക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടിരുന്നു.

