ജെസ്‌ന ജീവിച്ചിരിപ്പില്ല : ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ വ്യാഴാഴ്ച മാത്രം നടക്കുന്ന പ്രാർത്ഥനയിൽ ജെസ്നയെ പങ്കെടുപ്പിച്ചു : വില്ലൻ സുഹൃത്ത് എന്ന ആരോപണം

കോട്ടയം : വെച്ചൂച്ചിറക്കടുത്ത് കൊല്ലമുള ഗ്രാമത്തില്‍ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന മറിയം ജെയിംസ് ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ ജെയിംസിന്റെ വെളിപ്പെടുത്തല്‍, ജസ്നയെ കണ്ടെത്താനുള്ള സി.ബി.ഐ അന്വേഷണം ഏതാണ്ട് അവസാനിപ്പിക്കാറായ സമയത്താണ്. ജസ്നയെ കാണാതായിട്ട് ആറ് വർഷം കഴിഞ്ഞു. പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചിട്ടും ജസ്നയെപ്പറ്റി എന്തെങ്കിലും സൂചനകള്‍ നല്‍കാൻ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ജെയിംസ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹർജിയില്‍ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് അറിയിച്ചത്. വിദഗ്ദ്ധരായ അന്വേഷണ സംഘത്തിന് പറയാൻ കഴിയാതിരുന്ന കാര്യം ജസ്നയുടെ അച്ഛൻ പറഞ്ഞത് ആശ്ചര്യകരമായിരിക്കുന്നു. ജസ്ന മരിച്ചത് കേരളത്തില്‍ വച്ചാണെന്നും കോടതിയില്‍ ഹർജി നല്‍കിയ സ്ഥിതിക്ക് കൂടുതല്‍ ഒന്നും തത്കാലും വെളിപ്പെടുത്താനില്ലെന്ന് അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞിട്ടുണ്ട്. ‌

19ന് കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ചോദിച്ചറിയാൻ സി. ബി.ഐയുടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തിയിട്ടുണ്ട്. അതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നാണ് ജസ്നയുടെ അച്ഛൻ പറയുന്നത്. ജസ്ന മരിച്ചുവെന്ന് ജെയിംസ് ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍, പൊലീസോ ക്രൈംബ്രാഞ്ചോ സി.ബി.ഐയോ അങ്ങനെയൊരു വിവരം അന്വേഷണ റിപ്പോർട്ടുകളില്‍ രേഖപ്പെടുത്തിയട്ടില്ല. വിശ്വസനീയമായതും ആധികാരികവുമായ വിവരങ്ങള്‍ ലഭിക്കാതെ മകള്‍ മരിച്ചുവെന്ന് പറയാൻ അച്ഛന് കഴിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എങ്ങനെ, എപ്പോള്‍, എവിടെ വച്ച്‌ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതും അച്ഛൻ തന്നെയാണ്. കേസ് അവസാനം അന്വേഷിച്ച സി.ബി.ഐയെ ജെയിംസ് പൂർണമായി തള്ളുന്നില്ല. അവർ കുറേ കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും എന്നാല്‍, പ്രധാന ചില പോയിന്റുകളിലേക്ക് എത്തിയില്ലെന്നും അദ്ദേഹം കോടതിയിലും മാദ്ധ്യമങ്ങളോടും പറഞ്ഞു. ആ പ്രധാന പോയിന്റുകള്‍ ഏതെല്ലാമാണെന്ന് ഇനി ജസ്നയുടെ അച്ഛൻ തന്നെയാണ് പറയേണ്ടത്. അതേസമയം, എല്ലാ കാര്യങ്ങളും തങ്ങള്‍ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സി.ബി.ഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

നീണ്ട ആറ് വർഷം

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജില്‍ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജസ്നയെ രണ്ടായിരത്തിപ്പതിനെട്ട് മാർച്ച്‌ ഇരുപത്തിരണ്ടിനാണ് കാണാതായത്. കൊല്ലമുളയിലെ വീട്ടില്‍ നിന്ന് തൊട്ടടുത്ത ജംഗ്ഷൻ വരെ ഓട്ടോറിക്ഷയില്‍ പോയ ജസ്ന മുണ്ടക്കയം വരെ ബസില്‍ സഞ്ചരിച്ചതായി വ്യക്തമായിട്ടുണ്ട്. മുണ്ടക്കയം ജംഗ്ഷനിലൂടെ നടന്നു പോകുന്ന ജസ്നയുടെ അവ്യക്ത ദൃശ്യം ഒരു കടയുടെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചു.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് വിവരശേഖരണ പെട്ടികള്‍ സ്ഥാപിച്ചും നിരവധിയാളുകളെ ചോദ്യം ചെയ്തും അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിച്ചും പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷണം കാര്യക്ഷമമായ മുന്നോട്ടു പോകവെയാണ് ജസ്നയുടെ സഹോദരനും കെ.എസ്.യു നേതാവും സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സി.ബി.ഐയ്ക്ക് ജസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കാൻ കഴിഞ്ഞില്ല. ജസ്നയെപ്പറ്റി നിർണായക വിവരങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഓഫീസർമാർ മാദ്ധ്യമങ്ങളോടു പറഞ്ഞത് വിലകുറഞ്ഞ പബ്ളിസിറ്റിക്കുവേണ്ടി ആയിരുന്നുവെന്ന് കരുതുന്നവരുണ്ട്.

ജസ്നനയുടെ അച്ഛൻ ജെയിംസ് പറയുന്നപോലെ ജസ്ന മരിച്ചുവെന്ന് റിപ്പോർട്ട് നല്‍കാൻ അന്വേഷണ സംഘങ്ങള്‍ക്ക് കഴിയില്ല. മരിച്ചുവെന്ന വിവരം ലഭിച്ചാല്‍ എവിടെ വച്ചാണ് സംഭവം നടന്നത്, മൃതദേഹം എന്തു ചെയ്തു എന്നീ കാര്യങ്ങള്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞ അച്ഛനും ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോർത്തിരിക്കുകയാണ് മലയാളികള്‍. ജസ്ന വ്യാഴാഴ്ച ദിവസങ്ങളില്‍ രഹസ്യ പ്രാർത്ഥനയ്ക്ക് പോയിരുന്നുവെന്ന് അച്ഛൻ വെളിപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്ത്യൻ വിഭാഗങ്ങളില്‍ വ്യക്തി കേന്ദ്രീകൃതമായ കൂട്ടായ്മകളാണ് വ്യാഴാഴ്ച പ്രാർത്ഥന നടത്തുന്നത്. ക്രസ്ത്യൻ ദേവാലയങ്ങളില്‍ സ്ഥിരമായി വ്യാഴാഴ്ച പ്രാർത്ഥനകള്‍ നടക്കാറില്ല. ജസ്നയെ വ്യാഴാഴ്ച പ്രാർത്ഥനയിലേക്ക് കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെയാണ് അച്ഛൻ സംശയിക്കുന്നത്. ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് അച്ഛൻ പറഞ്ഞാല്‍ അതു കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസികളാണ്. അന്വേഷണത്തില്‍ ഇതു വഴിത്തിരിവാകുകയും ചെയ്യും. ജസ്നയെ കാണാതായതിന് പിന്നാലെ സഹോദരനും അച്ഛനും പൊലീസിന് നല്‍കിയ മൊഴിയില്‍ ജസ്നയുടെ ഒരു സഹപാഠിയെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും നുണപരിശോധനയില്‍ നിന്നും ജസ്നയുടെ തിരോധാനത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞിരുന്നു. ഇപ്പോള്‍ സൂചന നല്‍കുന്നത് മറ്റൊരു സുഹൃത്തിനെപ്പറ്റിയാണ്.

കുറുപ്പിനും രാഹുലിനും പിന്നാലെ ജസ്നയും

ജസ്നയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ രക്തംപുരണ്ട തുണി കേസില്‍ നിർണായക തെളിവായിരുന്നു. ഇത് സി.ബി.ഐയും ക്രൈംബ്രാഞ്ചും പൊലീസും വിശദമായ പരിശോധനയ്ക്ക് അയച്ചില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. മാസമുറയിലെ രക്തസ്രാവം അല്ലെങ്കില്‍ ഗർഭാവസ്ഥയിലെ അമിത രക്തസ്രാവം എന്നീ സംശങ്ങളാണ് ബന്ധുക്കള്‍ക്കുള്ളത്. ജസ്നയുടെ ബന്ധുക്കളും പൊലീസിലെ വിരമിച്ച ഉദ്യോഗസ്ഥരും സമാന്തര അന്വേഷണം നടത്തിവരികയായിരുന്നു. അവർ കണ്ടെത്തിയ കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കേസ് അന്വേഷണം പുതിയ വിവരങ്ങളുടെ അടസ്ഥാനത്തില്‍ ആറ് മാസത്തേക്കെങ്കിലും നീട്ടണമെന്നാണ് ജസ്നയുടെ അച്ഛന്റെ ആവശ്യം. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയില്‍ എവിടെയെങ്കിലും വച്ച്‌ ജസ്ന മരണപ്പെട്ടിരിക്കാമെന്നാണ് ബന്ധുക്കളുടെ നിഗമനം.

കേരളത്തില്‍ പ്രധാന മൂന്ന് തിരോധാനക്കേസുകള്‍ പൊലീസും സി.ബി.ഐയും അന്വേഷിച്ച്‌ പരാജയപ്പെട്ടിരിക്കുകയാണ്. പ്രമാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ആലപ്പുഴ പുന്നപ്രയില്‍ കളിച്ചുകൊണ്ടിരുന്ന രാഹുല്‍ എന്ന കുട്ടിയെപ്പറ്റിയുള്ള അന്വേഷണത്തിലും പൊലീസും സി.ബി.ഐയും പരാജയപ്പെട്ടു. ജസ്ന തിരോധാനക്കസിലും ഇതാവർത്തിച്ചേക്കുമെന്ന് കണ്ടാണ് അച്ഛനും ബന്ധുക്കളും ചേർന്ന് സമാന്തര അന്വേഷണം നടത്തിയത്. അവരുടെ കണ്ടെത്തലുകള്‍ ശരിയോ തെറ്റോ എന്ന് അറിയാൻ സി.ബി.ഐ അന്വേഷണം നീട്ടണം എന്ന ആവശ്യം ന്യായമാണ്. മികവുറ്റ അന്വേഷണ സംവിധാനങ്ങളുള്ള ഇന്ത്യയില്‍ ഇത്തരം തിരോധാനക്കേസുകള്‍ ഉത്തരം കിട്ടാതെ അവസാനിപ്പിക്കുന്നത് നീതിയുടെ വെളിച്ചത്തെ ഇരുട്ടുകൊണ്ട് കെടുത്താൻ ശ്രമിക്കുന്നതു പോലെയാകും. പക്ഷെ, തെളിവുകള്‍ മുനിഞ്ഞ് കത്തിക്കൊണ്ടിരിക്കും.

Hot Topics

Related Articles