കോട്ടയം: സമീപ ജില്ലകളിലുൾപ്പടെ സംസ്ഥാനത്തു പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ മേയ് മാസത്തിൽ മൂന്നു പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി.ഡി, എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്. മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ മറ്റു പല പകർച്ചവ്യാധി രോഗങ്ങളേക്കാൾ കൂടുതൽ ദിവസങ്ങളെടുക്കാം.
എ,ഇ വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 60 ദിവസം വരെ ആയേക്കാം. ബി.സി.ഡി. വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 6 മാസം വരെയും നീളാം. നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ,ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. ചെറിയ കുട്ടികളിൽ അത്ര ഗുരുതരമാവാറില്ലെങ്കിലും മുതിർന്നവരിൽ പലപ്പോഴും ഗൗരവകരമാവാറുണ്ട്. നിലവിൽ ജില്ലയിൽ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗ പ്രതിരോധ നടപടികൾ
- വ്യക്തി ശുചിത്വം
ആഹാരം കഴിക്കുന്നതിനുമുമ്പും കഴിച്ചശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
കുഞ്ഞുങ്ങളുടെ കൈയ്യിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിയ്ക്കുക.
മലവിസർജ്ജനശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
- പരിസര ശുചിത്വം
തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക.
മലമൂത്രവിസർജ്ജനം കക്കൂസിൽ മാത്രം ചെയ്യുക.
കുഞ്ഞുങ്ങളുടെ വിസർജ്ജ്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക.
വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക.
ഈച്ച ശല്യം ഒഴിവാക്കുക.
കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽനിന്ന് അകലെയായിരിക്കണം.
പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക.
- ആഹാര ശുചിത്വം
ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക.
പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിയ്ക്കുക.
കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക.
കുപ്പിപ്പാൽ ഒഴിവാക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കാൻ ഉപയോഗിയ്ക്കുക.
വെള്ളം എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക.
കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിയ്ക്കുക.
കിണറിനു ചുറ്റും മതിൽ കെട്ടുക. ഇടക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക.
ചെറുതും വലുതുമായ കുടിവെള്ള പമ്പിങ്ങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുക.
ഉത്സവങ്ങൾ, കല്യാണങ്ങൾ മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കുന്ന സമയമായതിനാൽ പൊതുസ്ഥലങ്ങളിൽനിന്നു വാങ്ങിക്കഴിക്കുന്ന ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കുക
പാനീയങ്ങൾ തയാറാക്കുന്നവരും വിൽക്കുന്നവരും, വ്യാവസായിക അടിസ്ഥാനത്തിൽ തയാറാക്കുന്ന ഐസ് ബ്ലോക്കുകൾ ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചുള്ള ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക. യഥാസമയം വിദഗ്ദ ചികിത്സ ആരംഭിച്ചില്ലെങ്കിൽ മരണത്തിനു വരെ ഇടയാക്കുന്ന പകർച്ചവ്യാധിയാണു മഞ്ഞപ്പിത്തം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിൽതന്നെ ആരംഭിക്കുക വഴി രോഗം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നത് തടയാം. ഉത്സവാവസരങ്ങളിലും ആഘോഷാവസരങ്ങളിലും വിനോദ യാത്രക്ക് പോകുമ്പോഴും ഭക്ഷണ പാനീയ ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുക. കൂടുതൽ പേർക്ക് വയറിളക്കരോഗങ്ങൾ കണ്ടെത്തിയാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുക.