ബംഗളൂരു : കർണാടകയിലെ ഷിമോഗയില്‍ പി ജി ഹോസ്റ്റലില്‍ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാർഡൻ ഉള്‍പ്പെട്ട നാലംഗ സംഘം മാലിന്യ കുഴിയില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരു വർഷത്തിനുശേഷം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷിമോഗയ്ക്കടുത്ത് ശിക്കാരിപ്പുരയില്‍ പി ജി ഹോസ്റ്റലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവ്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പെണ്‍കുട്ടി ജോലി തേടി എത്തിയതായിരുന്നു ഈ പി ജി ഹോസ്റ്റലില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വർഷം മുമ്പ് ഇവരെ ഇവിടെനിന്ന് കാണാതായെങ്കിലും പോലീസില്‍ പരാതി എത്തിയത് കഴിഞ്ഞ ആഴ്ച മാത്രമാണ്. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ദുരൂഹത നീങ്ങിയത്. പി ജി നടത്തിപ്പുകാരിയായ സൗഭാഗ്യ, ഭർത്താവ് ഗംഗാ നായിക്, സുഹൃത്ത് രഞ്ജിത, സഹായി പീര നായിക് എന്നിവരാണ് അറസ്റ്റിലായത്.
തങ്ങളെക്കുറിച്ച് അപവാദം പറയുന്നു എന്ന് ആരോപിച്ച് സൗഭാഗ്യ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് സ്വന്തം മുറിയില്‍ എത്തി പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെണ് പൊലീസ് വ്യക്തമാക്കുന്നത്.


