കാസർകോട്: 45 പവൻ മോഷ്ടിക്കുന്നതിനിടെ മോഷ്ടാക്കള്‍ സംഭവിച്ചത് വൻ അബദ്ധം. മുക്കുപണ്ടമെന്ന ധാരണയില്‍ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലു. വൻ തുക നഷ്ടമായെങ്കിലും മോഷ്ടാക്കള്‍ക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് അല്പം ആശ്വാസത്തിനുള്ള വക നല്‍കിയിട്ടുണ്ട്.ഞായറാഴ്ച പൂച്ചക്കാട്ടെ പൂട്ടിയില്‍ വീട്ടില്‍ നിന്നും 45 പവൻ സ്വർണ്ണവും 50000 രൂപയും മോഷണം പോയിരുന്നു. സർവ്വവും നഷ്ടപ്പെട്ടു എന്ന് കരുതിയ കുടുംബത്തിന് അല്പം ആശ്വാസമായിരുന്നു മോഷ്ടാക്കളുടെ ഈ അബദ്ധം. മോഷണം നടത്തി തിരിച്ചു പോകുമ്പോള്‍ മുക്കുപണ്ടം എന്ന് കരുതി മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് ഡയമണ്ട് നെക്ലെയ്സും കമ്മലുമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് ആറു ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ ആഭരണങ്ങള്‍. പൂച്ചക്കാട് തെക്കേപുറം അരയാല്‍ തറയിലെ അബ്ദുള്‍ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടക്കള്‍ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം സ്വർണ്ണവും 50000 രൂപയുമാണ് കവർന്നത്.
ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഉച്ചക്കും ഇടയിലുള്ള സമയത്താണ് മോഷണമെന്നാണ് പരാതിയില്‍ പറയുന്നത്. അബ്ദുള്‍ മജീദ് വിദേശത്താണ്. ഭാര്യയും മാതാവുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ ഒരു ചടങ്ങിനായി മൂന്ന് ദിവസം മുമ്പ് ബന്ധു വീട്ടില്‍ പോയിരുന്നു. ശനിയാഴ്ച മടങ്ങി എത്തിയെങ്കിലും വൈകുന്നേരം വീണ്ടും പോയി. ഞായറാഴ്ച വീണ്ടും എത്തിയപ്പോഴാണ് മുൻ വാതില്‍ പൊളിച്ചതായി കണ്ടത്. സമീപത്തെ വീടിനു സമീപം വെച്ച പിക്കാസ് കൊണ്ടാണ് വാതില്‍ പൊളിച്ചത്. ഇത് കണ്ടെത്തിയിട്ടുണ്ട്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


