ദേശീയ വടം വലി മത്സരത്തിൽ കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം നേടി നാടിന് അഭിമാനമായി

കുമരകം: ജമ്മു ആൻഡ് കാശ്മീരിലെ അനന്ത്നാഗിൽ നടന്ന ദേശീയ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡൽ നേട്ടം സ്വന്തമാക്കി.
കൃഷ്ണജ് അജി ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും കാർത്തികേയൻ വി.ആർ വെള്ളിയും അദിത്ത് കെ. ഗിരി വെങ്കല മെഡലും നേടിയാണ് ദേശീയതലത്തിൽ സ്കൂളിന്റെയും കേരളത്തിന്റെയും യശസ്സ് ഉയർത്തിയത്. നേരത്തെ നടന്ന സൗത്ത് ഏഷ്യൻ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിലെ കേരളത്തിന്റെ അഭിമാന താരമായിരുന്നു അദിത്ത്.കെ.ഗിരി .

Advertisements
    ജമ്മു ആൻഡ് കാശ്മീരിലെ അനന്ത്നാഗിൽ ജൂൺ 22 മുതൽ 26 വരെ നടന്ന മത്സരത്തിലാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. കേരള ടീമിലെ പ്രധാന താരങ്ങളായിരുന്ന ഇവർ സ്കൂളിലെ കായിക അധ്യാപകനായ പി ടി ഹരിയുടെ  പരിശീലനത്തിലാണ് മികച്ച ടീംവർക്കും പോരാട്ടവീര്യവും പ്രകടിപ്പിച്ച്  ഈ തിളക്കമാർന്ന വിജയം നേടിയത്.

വിദ്യാർത്ഥികളുടെ ഈ അഭിമാന നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പി.ടി.എയും പൂർവവിദ്യാർത്ഥികളും രക്ഷിതാക്കളും കായികപ്രേമികളും അഭിനന്ദനങ്ങൾ അറിയിച്ചു. ദേശീയ വേദിയിലെ ഈ ഉജ്ജ്വലവിജയം വരുംതലമുറയിലെ കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് സ്കൂൾമാനേജർ എ.കെ.ജയപ്രകാശും പ്രിൻസിപ്പാൾ എസ് സുനിമോളും പറഞ്ഞു.

Hot Topics

Related Articles