കൊച്ചിയിൽ കേരള ബ്ളാസ്റ്റേഴ്സ് വിജയ വഴിയിൽ : നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത് രണ്ട് ഗോളിന് ; ബ്ളാസ്റ്റഴ്സിന് മൂന്നാം സ്ഥാനം

കൊച്ചി: തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടക്ക് തുണയായത്. ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി.

സ്വന്തം മൈതാനത്ത് ആദ്യ മിനിറ്റുമുതല്‍ ആക്രമിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. നിലവിലെ അവസാനസ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റിനെതിരേ കളിയുടെ സര്‍വ്വമേഖലകളിലും ആധിപത്യം പുലര്‍ത്തിയ വുകോമനോവിച്ചും സംഘവും കൊച്ചിയെ ആവേശക്കടലാക്കി. നിരന്തരം നോര്‍ത്ത്ഈസ്റ്റ് ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടേയിരുന്ന ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ലീഡെടുത്തു. 42-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടതുവിങ്ങില്‍ നിന്ന് ബ്രൈസ് മിറിന്‍ഡ നല്‍കിയ ക്രോസില്‍ തകര്‍പ്പനൊരു ഹെഡറിലൂടെയാണ് ഡയമന്റക്കോസ് മത്സരത്തിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 44-ാം മിനിറ്റില്‍ ഡയമന്റക്കോസിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളുമെത്തി. മൈതാനമധ്യത്തുനിന്ന് നോര്‍ത്ത്ഈസ്റ്റ് പ്രതിരോധതാരങ്ങളെയെല്ലാം ഭേദിച്ച് അഡ്രിയാന്‍ ലൂണ നല്‍കിയ പാസ് ഡയമന്റക്കോസ് അനായാസം ലക്ഷ്യംകണ്ടു. ആദ്യപകുതി രണ്ടുഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ടുനിന്നു.

മൈതാനത്ത് ആധിപത്യം പുലര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ മഞ്ഞപ്പടയ്ക്ക് ഗോള്‍നേടാനായില്ല. വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. 15-മത്സരങ്ങളില്‍ നിന്ന് 28-പോയന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് വുകോമനോവിച്ചും സംഘവും. 16-മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ പട്ടികയില്‍ അവസാനസ്ഥാനത്താണ് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്.

Hot Topics

Related Articles