കോട്ടയം: ഹിറ്റ് സിനിമകൾക്കൊപ്പം സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകൾ കൂടി ജനകീയമാക്കുന്നതിൽ ഫിലിം സൊസൈറ്റികൾ മുഖ്യപങ്കുവഹിക്കണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അഭ്യർത്ഥിച്ചു. അരവിന്ദൻ സിനിമകൾ കാലാതീതമായ സന്ദേശം നൽകുന്നതാണ്. അത്തരം സിനിമകളെ കൂടുതൽ പ്രചരിപ്പിക്കുന്നതിനുള്ള തമ്പ് ഫിലിം സൊസൈറ്റിയുടെ ശ്രമങ്ങൾ കൂടുതൽ മൂല്യബോധമുള്ള സിനിമകൾ സൃഷ്ടിക്കാൻ ഇടവരുത്തട്ടെ എന്നും അദ്ദേഹം ആശംസിച്ചു. തമ്പ് ഫിലിം സൊസൈറ്റി കോട്ടയത്ത് സംഘടിപ്പിച്ച അരവിന്ദ സ്മൃതി പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല സിനിമകളുടെ കാലം തിരികെ വരുമെന്ന പ്രതീക്ഷയാണ് ഇത്തരം കൂട്ടായ്മകൾ ഉയർത്തുന്നത് എന്ന് കാവ്യാത്മകമായ പ്രസംഗത്തിലൂടെ സംവിധായകൻ ജയരാജ് പറഞ്ഞു. സമാന്തര സിനിമകൾക്ക് ഉണർവ്വേകുന്ന തമ്പ് പോലെയുള്ള ഫിലിം സൊസൈറ്റികളെ സമൂഹം മനസാ സ്വീകരിക്കട്ടെ എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുളും വെളിച്ചവും പോലെ വ്യതിരിക്തമായ നന്മ തിന്മകളുടെ നിഗൂഢതയെ അരവിന്ദൻ സിനിമകൾ അനുഭവിപ്പിച്ചു എന്ന് പ്രമുഖ കവയിത്രി കൂടിയായ ഡോ ജെ പ്രമീളാ ദേവി പറഞ്ഞു.
സമ്മേളനത്തിൽ തമ്പ് ഫിലിം സൊസൈറ്റി പ്രസിഡണ്ട് ഏറ്റുമാനൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംവിധായകൻ ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. സിനിമ നിരൂപണ ലേഖന മത്സരത്തിലെ വിജയികൾക്ക് പ്രശസ്ത ഫിലിം ശ്രീ വിജയകൃഷ്ണൻ പുരസ്കാര വിതരണം നടത്തി. ഡോ. ജെ. പ്രമീള ദേവി, അനൂപ് കെ ആർ, അഡ്വ. ലിജി എൽസ ജോൺ എന്നിവർ സംസാരിച്ചു.
കഴിഞ്ഞവർഷത്തെ ദേശീയ ഹ്രസ്വ ചലച്ചിത്രമേളയുടെ സുവനീർ പ്രകാശനവും ജയരാജിന് നൽകിക്കൊണ്ട് കേന്ദ്രമന്ത്രി നിർവഹിച്ചു.

