ഉമ്മൻ ചാണ്ടി ഭവന നിർമ്മാണ പദ്ധതി – രണ്ടാം ഘട്ടമായി 25 വീടുകൾക്ക് കൂടി തറക്കല്ലിട്ടു

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഉമ്മൻ ചാണ്ടി ഭവന നിർമ്മാണ പദ്ധതിയുടെ രണ്ടാം ഘട്ടമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ 25 വീടുകൾക്ക് കൂടി തറക്കല്ലിട്ടു.
പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പുതുപ്പള്ളി, വാകത്താനം, അയർക്കുന്നം, മണർകാട്, പാമ്പാടി എന്നീ പഞ്ചായത്തുകളിലായി ഓരോ പഞ്ചായത്തിലും അഞ്ച് വീടുകൾ വീതമാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്.

Advertisements

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തമായി വീട് ഇല്ലാത്തതോ അതീവ ദുരിതാവസ്ഥയിലുള്ള വീടുകളിൽ കഴിയുന്നവരെയോ കണ്ടെത്തി അവരെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്താണ് വീടുകളുടെ നിർമ്മാണം നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിയുടെ ആദ്യഘട്ടമായി ആരംഭിച്ച 50 വീടുകളുടെ നിർമ്മാണത്തിൽ 47 വീടുകൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. ഈ വീടുകൾ പൂർത്തിയാകുന്നതോടെ നിരവധി കുടുംബങ്ങളുടെ സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

ഉമ്മൻ ചാണ്ടിയുടെ ജീവിതകാലത്ത് അദ്ദേഹം സമൂഹത്തിലെ പാവപ്പെട്ടവർക്കും അശരണർക്കും നൽകിയ പരിഗണനയും സേവനവും മാതൃകയാക്കി കൊണ്ടാണ് ഫൗണ്ടേഷൻ വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് ഭവന നിർമ്മാണ പദ്ധതി ആരംഭിച്ചത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുടെ സഹകരണവും പിന്തുണയും പദ്ധതിയുടെ വിജയത്തിന് വലിയ ശക്തിയാകുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
തറക്കല്ലിടൽ ചടങ്ങുകളിൽ ഫൗണ്ടേഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles