തലയോലപറമ്പ് : കളിക്കുന്നതിനിടയിൽ ആഴമേറിയ കിണറ്റിൽ വീണ ഒന്നരവയസുകാരിയെ അധ്യാപകൻ രക്ഷിച്ചു. തൃക്കാക്കര കാർഡിനൽ ഹൈസ്കൂൾ അധ്യാപകനായ തലയോലപറമ്പ് വടയാർ ചെറുതോട്ടുപുറത്ത് ബെന്നിജോർജാണ് കിണറ്റിൽ ചാടി കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 8.45ഓടെയായിരുന്നു സംഭവം. ബെന്നി ജോർജ് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യ ഷിനുമോളെ ബസ്‌സ്റ്റോപ്പിലേക്ക് പോകാൻ തയ്യാറാകുന്നതിനിടയിലാണ് സമീപത്തെ 300 മീറ്ററോളം അകലെയുള്ള വീട്ടിൽ നിന്ന് കുഞ്ഞ് കിണറ്റിൽ വീണെന്ന് പറഞ്ഞുള്ള കുഞ്ഞിൻ്റെ അമ്മയുടേയും മുത്തശ്ശിയുടേയും നിലവിളികേട്ടത്.
ഉടൻ അവിടേക്ക് പാഞ്ഞ് ചെന്ന് കരിങ്കൽകെട്ടുള്ള കിണറിലേക്ക് റിംഗിൽ ചവിട്ടി ചാടി ഇറങ്ങുകയായിരുന്നു. ബെന്നിജോർജ് കിണറ്റിലിറങ്ങി ചെല്ലുമ്പോൾ കുഞ്ഞ് കിണറിൻ്റെ ആഴങ്ങളിലേക്ക് താണുപോകുന്നതാണ് കണ്ടത് ഉടൻ കുഞ്ഞിനെ എടുത്ത് ഉയർത്തി തോളിൽ കമഴ്ത്തിക്കിടത്തി പുറത്ത് തലോടി വെള്ളം പുറത്തേക്ക് ഒഴുക്കി.ഇതിനിടയിൽ കിണറിലേക്ക് ഇറങ്ങി വന്ന ബെന്നിയുടെ മകനും മാധ്യമ സ്ഥാപനത്തിലെ സിസ്റ്റം എഞ്ചിനിയറുമായ ബെൻവിന്നിൻ്റെ കൈയിലേക്ക് കുഞ്ഞിനെ നൽകി. കുഞ്ഞുമായി കരയ്ക്കെത്തിയ ബെൻവിന്നിൽ നിന്നും കുഞ്ഞിനെ വാങ്ങിയ ഷിനുമോൾ വായ ഉപയോഗിച്ച് കുഞ്ഞിൻ്റെ മൂക്കിൽ നിന്നും വെള്ളം വലിച്ചെടുത്തതോടെ കുഞ്ഞ് കരഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞിനെ പിന്നീട് പൊതിയിലെ സ്വകാര്യ അശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി. രക്ഷാപ്രവർത്തനത്തിനിടയിൽ നിസാരമായി പരിക്കേറ്റെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായതിൻ്റെ ചാരിതാർഥ്യത്തിലാണ് ബെന്നി . ബെന്നി ജോർജിൻ്റെ കുട്ടിക്കാലത്ത് വടയാറിലെ ബന്ധുവീട്ടിലെ മൂന്നു വയസുള്ള കുഞ്ഞ് കിണറ്റിൽ വീണപ്പോൾ പിതാവ് കിണറ്റിൽ ചാടി കുഞ്ഞിനെ എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് പിതാവിനൊപ്പമുണ്ടായിരുന്ന ബെന്നി ജോർജ് പിതാവ് ആ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ നടത്തിയ പ്രഥമ ശുശ്രൂഷകളാണ് കഴിഞ്ഞ ദിവസം പ്രാവർത്തികമാക്കിയതെന്നും അത് ഫലം കണ്ടുവെന്നും ബെന്നി പറഞ്ഞു.


