കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് എതിരായ പ്രതിഷേധം; കോട്ടയത്തെ 29 അഭിഭാഷകർ സൗജന്യ നിയമസേവനം ചെയ്യാൻ ഹൈക്കോടതി വിധി

കോട്ടയം: ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് എതിരെ ചേംബറിൽ കയറി പ്രതിഷേധിച്ച അഭിഭാഷകർക്ക് സൗജന്യ നിയമസേവനം വിധിച്ച് ഹൈക്കോടതി. കോട്ടയം ബാറിലെ 29 അഭിഭാഷകർക്കാണ് ഹൈക്കോടതി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജെഡ്ജി പി.ബി സുരേഷ്‌കുമാർ സൗജന്യ നിയമസേവനം വിധിച്ചത്. നേരത്തെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന വിവിജ സേതുമാധവന് എതിരെ കോട്ടയത്ത് അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിന്റെ ഭാഗമായി അഭിഭാഷകർ കോടതി മുറിയ്ക്കുള്ളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ഹൈക്കോടതി അഭിഭാഷകർക്ക് എതിരെ കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തത്. 30 അഭിഭാഷകർക്ക് എതിരെയാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരാൾ ഒഴികെ എല്ലാവരും മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, ഒരാൾ മാത്രം മാപ്പ് പറഞ്ഞില്ല. ഈ മാപ്പു പറഞ്ഞ 29 അഭിഭാഷകർക്കാണ് കോടതി സൗജന്യ നിയമസേവനം വിധിച്ചിരിക്കുന്നത്. 29 അഭിഭാഷകർക്കും തങ്ങളുടെ പ്രാക്ടീസ് തുടരാമെങ്കിലും, അടുത്ത ആറു മാസം കോട്ടയം ലീഗൽ സർവീസ് അതോറിറ്റി നിർദേശിക്കുന്ന പ്രകാരം സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും സൗജന്യ നിയമസേവനം നൽകണമെന്നു കോടതി നിർദേശിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് അയച്ചു നൽകിയിട്ടുമുണ്ട്.

Advertisements

Hot Topics

Related Articles