പൊലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു.കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടില്‍ പരേതരായ രാധാകൃഷ്ണന്റേയും ഗീതയുടേയും മകന്‍ രാജേഷ് (30) ആണ് മരിച്ചത്. മാര്‍ച്ച്‌ 25 നായിരുന്നു രാജേഷ് ജീവനൊടുക്കാൻ ശ്രമിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ഓടെ മരിച്ചു. രാജേഷിനെതിരെ അത്തിപ്പൊറ്റ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ ഇരുവരേയും സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ 25ന് രാവിലെ വിളിപ്പിച്ച്‌ സംസാരിക്കുകയും പരസ്പരം ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് എഴുതിവെപ്പിച്ച്‌ പറഞ്ഞയച്ചതായും പൊലീസ് പറഞ്ഞു. ഇതിന് ശേഷമാണ് രാജേഷ് ക്യാനില്‍ പെട്രോളുമായി പൊലീസ് സ്റ്റേഷന്റെ മുന്നിലെത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്ബോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസുകാര്‍ വെള്ളം ഒഴിച്ച്‌ തീകെടുത്തിയെങ്കിലും സാരമായി പൊള്ളലേറ്റു. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിരുന്നു. മലേഷ്യന്‍ കപ്പലില്‍ ജീവനക്കാരനായിരുന്ന രാജേഷ് ആറുമാസം മുന്‍പാണ് തിരിച്ചെത്തിയത്. കുറച്ചു കാലം ഒഡീഷയില്‍ ജോലി ചെയ്തിരുന്നു. രണ്ടു മാസമായി നാട്ടിലുണ്ട്. ഏക സഹോദരി രേഷ്മയെ വിവാഹം ചെയ്തയച്ച ശേഷമാണ് രാജേഷ് മലേഷ്യയ്ക്ക് പോയത്. അവിവാഹിതനായ രാജേഷ് പത്തനാപുരത്തെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

Hot Topics

Related Articles