നീരജ് ചോപ്രയെ തഴഞ്ഞു, ഒളിമ്പിക്സില്‍ പതാകയേന്താൻ ടേബിള്‍ ടെന്നീസ് താരം ; പ്രതിഷേധവുമായി അഞ്ജു ബോബി ജോർജ്

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ ജാവലിൻ ത്രോയില്‍ സ്വർണം സ്വന്തമാക്കി അഭിമാനമായ നീരജ് ചോപ്രയെ പാരിസ് ഒളിമ്പിക്സില്‍ പതാകയേന്തുന്നതില്‍ നിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു.നീരജിനെ തഴഞ്ഞ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) ടേബിള്‍ ടെന്നിസ് താരം ശരത് കമലിനെയാണ് പതാകവാഹകനായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. പി.ടി. ഉഷ നയിക്കുന്ന ഐ.ഒ.എയുടെ തീരുമാനത്തിനെതിരെ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് രംഗത്തെത്തി. 

ആശ്ചര്യകരമെന്നു പറയട്ടെ, 2024 ലെ ഒളിമ്പിക് ഗെയിംസിന്റെ പതാകവാഹകനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നമ്മുടെ സുവർണ താരം നീരജ് ചോപ്രയെ പരിഗണിച്ചില്ലെന്നും എന്തുകൊണ്ടാണെന്നും അഞ്ജു സമൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി അനുരാഗ് ഠാകുർ, മുൻമന്ത്രി കിരണ്‍ റിജിജു, അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, നീരജ് ചോപ്ര തുടങ്ങിയവരെ ടാഗ് ചെയ്താണ് അഞ്ജു പ്രതിഷേധക്കുറിപ്പെഴുതിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകനിലവാരമുള്ള നീരജ് ചോപ്രയെ മാറ്റിനിർത്തിയതിന് പിന്നില്‍ ഐ.ഒ.എ അധികൃതരുടെ ‘കളി’കളുണ്ടെന്നാണ് സൂചന. ലോക റാങ്കിങ്ങില്‍ 88ാം സ്ഥാനക്കാരനായ ശരത് കമലിന് ഒളിമ്പിക്സില്‍ നേരിയ മെഡല്‍ പ്രതീക്ഷ പോലുമില്ല. കഴിഞ്ഞതവണ സ്വർണം നേടി അഭിമാനമായ നീരജിന് ഇത്തവണ ആദരവെന്ന നിലയിലും ദേശീയ പതാകയേന്താൻ ചുമതല നല്‍കുമെന്നായിരുന്നു അത്‍ലറ്റിക്സ് ഫെഡറേഷൻ ഭാരവാഹികളടക്കം പ്രതീക്ഷിച്ചത്. 

ഹോക്കി ഇതിഹാസങ്ങളായ ധ്യാൻ ചന്ദും ബല്‍ബീർ സിങ് സീനിയറും പതാകയേന്തിയത് സ്വർണം നേടിയതിന്റെ അടുത്ത തവണയായിരുന്നു. 1980ലെ മോസ്കോ ഒളിമ്പിക്സില്‍ ഹോക്കിയില്‍ സ്വർണമണിഞ്ഞ ടീമിലെ പ്രമുഖനായിരുന്ന സഫർ ഇഖ്ബാലായിരുന്നു 84ലെ പതാകവാഹകൻ. 2004ല്‍ ആതൻസില്‍ വെള്ളി നേടിയ ഷൂട്ടർ രാജ്യവർധൻ സിങ് റാത്തോഡിനായിരുന്നു അടുത്ത തവണ ഇന്ത്യയുടെ പതാക വഹിക്കാനുള്ള ഭാഗ്യം. 2008ല്‍ ബെയ്ജിങ്ങില്‍ സ്വർണമണിഞ്ഞ അഭിനവ് ബിന്ദ്രക്ക് 2016ലും അവസരം നല്‍കി. കഴിഞ്ഞ തവണ ഹോക്കി താരം മൻപ്രീത് സിങ്ങും വെറ്ററൻ ബോക്സർ മേരികോമുമായിരുന്നു ഇന്ത്യൻ പതാകയേന്തിയത്. ഇത്തവണ ഇന്ത്യയുടെ ചെഫ് ഡി മിഷൻ മേരികോമാണ്. ശരത് കമലിന് അഞ്ചാമത്തെയും അവസാനത്തെയും ഒളിമ്പിക്സാണിത്.

Hot Topics

Related Articles