കോട്ടയം: വീടിൻ്റെ അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന് 10 പവനും 28000 രൂപയും മോഷ്ടിച്ച കേസിൽ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രതി പിടിയിൽ. കന്യാകുമാരി പത്മനാഥപുരം കട്ടുവിളൈ നെല്ലിയാർക്കോണം വീട്ടിൽ സ്റ്റീഫനെ(38)യാണ് അയർക്കുന്നം പൊലീസ് സംഘം പിടികൂടിത്. കഴിഞ്ഞ വർഷം ഒക്ടോബർ 19ന് രാവിലെ 06.50 മണിക്കും 08.30 മണിക്കും ഇടയിലാണ് മോഷണം നടന്നത്. അയർക്കുന്നം വില്ലേജിലെ കൊങ്ങാണ്ടൂർ കരയിൽ കല്ലിട്ട നട സ്കൂളിന് സമീപമുള്ള പോളയ്ക്കൽ വീട്ടിൽ അടുക്കള വാതിൽ പൊളിച്ച് പ്രതി വീടിനകത്ത് കയറി മോഷണം നടത്തുകയായിരുന്നു.
വീടിന്റെ താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ₹28,000 രൂപയും, മുകളിലെ രണ്ട് മുറികളിലെ അലമാരകൾ കുത്തിത്തുറന്ന് 9,78,000/- രൂപ വിലവരുന്ന ഏകദേശം 10 പവൻ സ്വർണ്ണാഭരണങ്ങളും പ്രതി മോഷ്ടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തിൽ പ്രതി തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് അതുപയോഗിച്ചാണ് കവർച്ച നടത്തിയത് എന്ന് കണ്ടെത്തി. ഞായറാഴ്ചകളിൽ പുലർച്ചെ വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി ക്രിസ്ത്യൻ ഭവനങ്ങൾ ലക്ഷ്യമിട്ട് കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണം നടത്തിയ ശേഷം സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച്, തുടർന്ന് ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടർ എടുത്ത് കറങ്ങി നടക്കുകയും ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തി വീണ്ടും മടങ്ങിപ്പോകുകയും ചെയ്തിരുന്നു.
കഴിഞ്ഞ നാലര മാസമായി പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. എസ്.ഐ ജയപ്രകാശ് വി.കെ, എസ്.ഐ സജു ടി ലൂക്കോസ്, എസ്.ഐ സുജിത് കുമാർ, എസ്.ഐ ജേക്കബ് പി ജോയ്, വനിതാ എ.എസ്.ഐ സുപ്രിയ കെ.കവിത , സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരുണ്‍ രാജ് എന്നിവരും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജോബി, ശ്യാം എന്നിവരും ചേർന്ന സംഘമാണ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള സ്റ്റീഫനെ മുൻപ് തമിഴ്നാട് ചിദംബരം
ചിറ്റാലപ്പടിയിൽ പോലീസിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് പോലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്.

