തിരുവഞ്ചൂരിന് എതിരെ പ്രാദേശിക നേതൃത്വത്തെ അണി നിരത്തി പോരാട്ടത്തിനൊരുങ്ങി ബിജെപി; ജില്ലാ പ്രസിഡന്റും തിരുനക്കര ക്ഷേത്രം മുൻ പ്രസിഡന്റും നിയോജക മണ്ഡലം പ്രസിഡന്റും പട്ടികയിൽ

കോട്ടയം: തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വെല്ലുവിളി ഉയർത്താൻ പ്രാദേശിക നേതാക്കളെ കളത്തിലിറക്കാനൊരുങ്ങി ബിജെപി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, മുതിർന്ന ബിജെപി നേതാവും തിരുനക്കര ക്ഷേത്രോപദേശക സമിതി മുൻ പ്രസിഡന്റുമായ ടി.എൻ ഹരികുമാർ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.പി മുകേഷ് എന്നിവരുടെ പേരുകളാണ് ബിജെപി – എൻ.ഡി.എ മുന്നണി കോട്ടയം നിയോജക മണ്ഡലത്തിലേയ്ക്കു പരിഗണിക്കുന്നത്.

Advertisements

ബിജെപിയ്ക്ക് നിർണ്ണായക സ്വാധീനമുള്ള രണ്ട് പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് കോട്ടയത്തുള്ളത്. കോട്ടയം നഗരസഭയിൽ അഞ്ചു സീറ്റുകളാണ് ഇക്കുറി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വിജയിച്ചത്. കോട്ടയം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വിജയപുരത്തും, പനച്ചിക്കാട്ടും ബിജെപിയ്ക്ക് നിർണ്ണായകമായ സ്വാധീന ശക്തിയുമുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുള്ള നേതാക്കളെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി തയ്യാറെടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വിഹിതം കൂടിയും കുറഞ്ഞുമാണ് രേഖപ്പെടുത്തിയത്. 2011 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് നാരായണൻ നമ്പൂതിരിയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ആ തിരഞ്ഞെടുപ്പിൽ നാല് ശതമാനം മാത്രം വോട്ടായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. 5449 വോട്ട് നേടി ബിജെപി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എം.എസ് കരുണാകരൻ രംഗത്ത് എത്തി. അന്ന്, 12582 വോട്ട് നേടിയ ബിജെപി വോട്ട് ശതമാനം 9.78 ആയി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, 2021 ൽ വോട്ടിംങ് ശതമാനം കുത്തനെ ഇടിയുന്ന കാഴ്ചയാണ് കാണാനായത്. 7.07 ശതമാനത്തിലേയ്ക്ക് വോട്ട് ശതമാനം ഇടിഞ്ഞപ്പോൾ, 8611 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാർത്ഥി മിനർവാ മോഹന് നേടാനായത്.

ഈ സാഹചര്യത്തിലാണ് മികച്ച പോരാട്ടം കാഴ്ച വയ്ക്കാനും വോട്ട് വിഹിതം വർദ്ധിപ്പിക്കാനുമായി ബിജെപി രംഗത്തിറങ്ങുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ പേരാണ് പട്ടികയിൽ പ്രഥമ സ്ഥാനത്ത് ഉള്ളത്. ജില്ലയിൽ സുപരിചിതനാണ് എന്നതാണ് ലിജിന്റെ പേര് പരിഗണിക്കുന്നതിന് പ്രഥമ പരിഗണന നൽകുന്നത്. പട്ടികയിൽ രണ്ടാം പേരുകാരൻ ബിജെപി നേതാവും തിരുനക്കര മഹാദേവക്ഷേത്രം ക്ഷേത്രോപദേശക സമിതി മുൻ അധ്യക്ഷൻ ടി.എൻ ഹരികുമാറിന്റെ പേരാണ്. കോട്ടയം നഗരസഭ കൗൺസിലർ കൂടിയായ ടി.എൻ ഹരികുമാറിന് മണ്ഡലത്തിൽ നിർണ്ണായകമായ സ്വാധീനവുമുണ്ട്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് വി.പി മുകേഷിന്റെ പേരും പട്ടികയിലുണ്ട്. കോട്ടയം നഗരത്തിലെ നിരവധി സമര പോരാട്ടങ്ങളുടെ പേരിൽ സ്ഥിരം സാന്നിധ്യമാണ് മുകേഷ്. രണ്ട് തവണ കോട്ടയം നഗരസഭയിലേയ്ക്കു മുകേഷ് മത്സരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ മുകേഷിന്റെ പേരിനും പരിഗണന ലഭിക്കുന്നുണ്ട്.

Hot Topics

Related Articles