കോട്ടയം ജില്ലാ ജനറൽ ആശുപത്രി അധികൃതരുടെ അനാസ്ഥ; മണിക്കൂറുകളോളം മോർച്ചറിയിൽ സൂക്ഷിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനാവില്ലന്നറിയിച്ച് മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു; ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്താതിരുന്നത് ഡോക്ടറുടെ വീഴ്ചയെ തുടർന്ന്; മതിയായ ജീവനക്കാർ ഇല്ലെന്ന വാദവുമായി ആശുപത്രി സൂപ്രണ്ട്

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയും, ഉത്തരവാദിത്വമില്ലായ്മയും മൂലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി വച്ചത് മൂന്ന് പോസ്റ്റ്‌മോർട്ടം. ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ച മൂന്നു മൃതദേഹങ്ങളാണ് ഉച്ചയ്ക്ക് 11.30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് ഇത്തരത്തിൽ പോസ്റ്റ്‌മോർട്ടം മാറ്റി വയ്‌ക്കേണ്ടി വന്നതെന്ന് പൊതുപ്രവർത്തകർ ആരോപിച്ചു.

Advertisements

ഇന്നലെ കോട്ടയം കളത്തിക്കടവിൽ കൊടുരാറ്റിൽ വീണ് മരിച്ച വയോധികന്റെ അടക്കമുള്ള മൂന്ന് മൃതദേഹങ്ങളാണ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പ്രതീക്ഷിച്ച് മോർച്ചറിയിൽ സൂക്ഷിച്ചത്. ഇന്നലെ വൈകിട്ട് പൊതുപ്രവർത്തകരും, പൊലീസും മരിച്ചവരുടെ ബന്ധുക്കളും അടക്കമുള്ളവർ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ രാവിലെ തന്നെ പോസ്റ്റ്‌മോർട്ടം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് അനുസരിച്ചു സംസ്‌കാരത്തിന് അടക്കമുള്ള ക്രമീകരണങ്ങളും ഇവർ ഒരുക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, രാവിലെ ആശുപത്രിയിൽ എത്തിയപ്പോഴാണ് പോസ്റ്റ്‌മോർട്ടം നടത്തേണ്ട സർജൻ എത്തില്ലെന്ന സൂചന ഇവർക്ക് ലഭിച്ചത്. ഇതേ തുടർന്ന് ഇവർ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. എന്നാൽ, ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് കോട്ടയം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടക്കില്ലെന്ന വിവരം ബന്ധുക്കളെ അടക്കമുള്ളവരെ ആശുപത്രി അധികൃതർ അറിയിക്കുന്നത്.

ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പോസ്റ്റ്‌മോർട്ടം നടക്കാതിരിക്കാൻ കാരണമെന്നാണ് രോഗികളുടെ ബന്ധുക്കളും അധികൃതരും പൊതുപ്രവർത്തകരും ആരോപിക്കുന്നത്. മുൻപ് ഈ ഡോക്ടർ വീഴ്ച വരുത്തിയതിനാൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടക്കാതിരുന്ന സാഹചര്യമുണ്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ, ഡോക്ടറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ല മറിച്ച് പോസ്റ്റ്‌മോർട്ടത്തിന് മതിയായ ജീവനക്കാർ ഇല്ലെന്നതാണ് മാറ്റിവയ്ക്കാൻ കാരണമായതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സൂസമ്മ ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു.

ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടക്കാതെ വന്നതോടെ മൃതദേഹങ്ങൾ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയേയ്ക്കു മാറ്റി. നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകിയാണ് ഇവിടെ പോസ്റ്റ്‌മോർട്ടം നടക്കുന്നതും. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അലംഭാവമാണ് പോസ്റ്റ്‌മോർട്ടം മാറ്റി വയ്ക്കാൻ ഇടയായതെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ പി.കെ വൈശാഖ് ആരോപിച്ചു. വീഴ്ച വരുത്തിയ ജീവനക്കാർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കണം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാകാത്ത ആശുപത്രി അധികൃതർക്ക് എതിരെ പ്രതിഷേധം ആരംഭിക്കുമെന്നും പി.കെ വൈശാഖ് ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു.

Hot Topics

Related Articles