കോട്ടയം: റോഡരികിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ ചേർത്തല കഞ്ഞിക്കുഴി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറികൾ പിടിച്ചെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്. ആലപ്പുഴ മുഹമ്മ കഞ്ഞിക്കുഴി സ്വദേശി നിധിന്റെ ഉടമസ്ഥതയിലുള്ള ലോറികളാണ് കാഞ്ഞിരപ്പള്ളി പൊലീസ് സംഘം പിടിച്ചെടുത്തത്. കഴിഞ്ഞ 19 ന് രാത്രി 11.30 ന് ശേഷമായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഭാഗത്താണ് ലോറികൾ കക്കൂസ് മാലിന്യം തള്ളിയത്. ഇതേ തുടർന്ന് പൊലീസ് കേസ് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് നിധിന്റെ ഉടമസ്ഥതയിലുള്ള വാഹനം ആണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും നിധിന്റെ വീട്ടിൽ എത്തി രണ്ട് വാഹനവും പിടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിൽ പിടികൂടിയ വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

