കടുത്തുരുത്തി: കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിൽ അപകടക്കെണിയൊരുക്കി വാട്ടർ അതോറിറ്റിയുടെ കുഴികൾ. കടുത്തുരുത്തി മുതൽ പിറവം വരെ ആധുനിക നിലവാരത്തിൽ കോടികൾ മുടക്കി നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടും ഈ റോഡ് നവീകരിച്ചിട്ടില്ലെന്നാണ് പരാതി ഉയരുന്നത്. അറുന്നൂറ്റി മംഗലംമുതൽ കടുത്തുരുത്തി വരെയുള്ള റോഡ് കുടിവെള്ള പൈപ്പ് മാറ്റിയിടുന്നതിന് വേണ്ടിയാണ് കുഴിച്ച് കുളമാക്കിയിട്ടത്. നാല് വർഷത്തോളം തകർന്ന് തരിപ്പണമായി കിടന്ന റോഡിൽ വാഹനങ്ങൾ ഓടിക്കാൻ,പറ്റാതെ നാട്ടുകാർ ദുരിതം അനുഭവിക്കുകയാണ്.
നിരവധി സമരങ്ങളുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടും ഈ റോഡ് നവീകരണം മാത്രം എങ്ങും എത്തിയില്ലെന്നാണ് പരാതി ഉയരുന്നത്. വാട്ടർ അതോറിറ്റിയുടെയും പിഡബ്ല്യുഡിയുടെയും തമ്മിലുള്ള കൊമ്പ് കൊർക്കലാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആരോപണമാണ് ഉയരുന്നത്. കൊൽക്കത്തയിൽ നിന്നും എത്തിക്കുന്ന ഐ.എസ്.ഐ മാർക്കുള്ള 400 എം.എം പൈപ്പ് ഉപയോഗിച്ച് മാത്രമേ റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സാധിക്കു എന്ന വാദം ഉയർത്തിയാണ് റോഡ് നിർമ്മാണം വൈകിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനപ്രതിനിധികൾ ശക്തമായി പ്രതികരിച്ചപ്പോൾ മാത്രമാണ് പുതിയ കുടിവെള്ള പൈപ്പുകൾ ഇട്ട് പണികളെല്ലാം പൂർത്തിയാക്കിയത്. എന്നാൽ, നാലര വർഷങ്ങൾക്ക് ശേഷം പിഡബ്ല്യുഡിക്ക് റോഡ് കൈമാറിയതിനുശേഷം ഒന്നാം ഘട്ടം റോഡ് ടാർ ചെയ്തു തീർന്നപ്പോൾ ഒരാഴ്ചക്കുള്ളിൽ രണ്ട് തവണ പൈപ്പ് പൊട്ടി. ഇതേ തുടർന്ന് ടാറിംങ് പൂർത്തിയായതിന് പിന്നാലെ വാട്ടർ അതോറിറ്റി വീണ്ടും റോഡ് കുത്തിപ്പൊളിച്ചു.
നിലവാരം കുറഞ്ഞ പൈപ്പ് മണ്ണിനടിയിൽ ഇട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണോ ചെയ്യുന്നത് എന്ന് നാട്ടുകാർ ചോദിക്കുന്നു..
ഇനിയും ശവക്കുഴി തോണ്ടൽ തുടർന്നാൽ കൈയും കെട്ടി നിൽക്കാൻ ജനങ്ങൾക്ക് ആവില്ല എന്നും നാട്ടുകാർ പ്രതികരിക്കുന്നു.


