കോട്ടയം: സി.സി.ടി.വി സ്ഥാപിക്കുന്നതിനെച്ചൊല്ലി അയൽവാസിയുമായുണ്ടായ തർക്കത്തെ തുടർന്ന് വീട്ടമ്മ മരിച്ചത് തലയ്ക്ക് അടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയ്ക്ക് മൂർച്ചയില്ലാത്ത മാരക ആയുധം ഉപയോഗിച്ച് ഏറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. സംഭവവുമായി ബന്ധപ്പെട്ട മരിച്ച വീട്ടമ്മയുടെ അയൽവാസിയായ സ്ത്രീയെയും മരുമകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മണർകാട് കുഴിപ്പുരയിടം മാളിയേക്കൽ കുന്നുമ്പുറത്ത് ശാന്തകുമാരി(59)യാണ് മാർച്ച് 31 ചൊവ്വാഴ്ച ഉണ്ടായ സംഘർഷത്തിനിടെ മരിച്ചത്. കേസിലെ പ്രതിയായ എസ് എച്ച് മൗണ്ട് പൂവത്തിൽ കിഴക്കേതിൽ എബി ജോർജ് (42) , ഭാര്യ അജിത (42) , ഭാര്യാ മാതാവ് കുഴിപ്പുരയിടം തടത്തിപ്പറമ്പിൽ കുഞ്ഞുമോൾ (68) എന്നിവരെയാണ് മണർകാട് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് 31 ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ മണർകാട് കുഴിപ്പുരയിടം ഭാഗത്തെ വീടിനു മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ. ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. ഇതേ തുടർന്ന് കുഞ്ഞുമോളുടെ വീട്ടിൽ ചൊവ്വാഴ്ച സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ക്യാമറ സ്ഥാപിക്കുന്നതിനായി ടെക്നീഷ്യൻ അടക്കം എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. ക്യാമറ തൻ്റെ സ്വകാര്യതയിലേയ്ക്കു കടന്നു കയറിയാണ് സ്ഥാപിക്കുന്നത് എന്ന് ആരോപിച്ചാണ് കൊല്ലപ്പെട്ട ശാന്തകുമാരിയും മക്കളും കുഞ്ഞുമോളുടെ വീട്ടിലേയ്ക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ശാന്തകുമാരി കുഞ്ഞുമോൾക്കും, സിസിടിവി ടെക്നീഷ്യൻമാർക്കും നേരെ മുളകുപൊടി എറിഞ്ഞതായും പൊലീസ് പറയുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷത്തിലാണ് ശാന്തകുമാരിയ്ക്ക് തലയ്ക്ക് അടിയേറ്റതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തന്നെ എബി ജോർജിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് സംഭവം കൊലപാതകമാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസ് സംഘം വിഷയത്തിൽ കേസെടുക്കുകയും, മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

