കോട്ടയം : കോട്ടയം കുമാരനല്ലൂർ നഗരസഭ സോണൽ ഓഫീസിന്റെ പ്രവേശന കവാടത്തിലെ പാരപ്പെറ്റിന്റെ സിമന്റ് ഭാഗം ഇടിഞ്ഞു താഴെ വീണ് അപകടം.ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് കുമാരനെല്ലൂരുള്ള നഗരസഭ സോണൽ ഓഫീസിന്റെ മുൻഭാഗത്തെ കെട്ടിടത്തിന്റെ പാരപ്പെറ്റിന്റെ സിമന്റ് ഭാഗം ഇടിഞ്ഞു വീണത്. ഈ സമയം ഇവിടെ ആളുകൾ ഒന്നും നിൽക്കാതിരുന്നത് കാരണം വലിയ അപകടമാണ് ഒഴിവായത്. ഏകദേശം ഒരു വർഷങ്ങൾക്കു മുമ്പ് ഇതേ കെട്ടിടത്തിൽ സൂപ്രണ്ടിന്റെ തലയിൽ കെട്ടിട ഭാഗം ഇടിഞ്ഞുവീണ് അപകടം ഉണ്ടായതാണ്. എന്നിട്ടും കെട്ടിടം നവീകരിക്കാൻ വേണ്ട യാതൊരു നടപടിയും കോട്ടയം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ദിവസേന നിരവധി ആളുകളാണ് അപേക്ഷകളും, പരാതികളുമായി ഇവിടേക്ക് എത്തുന്നത്. കെട്ടിടത്തോട് ചേർന്നു തന്നെ നിരവധി കടകളും പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞ് താഴെ വീഴാറായ നിലയിലാണ് ഇപ്പോൾ. പലതവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ നഗരസഭയുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത നഗരസഭയാണ് ഭരിക്കുന്നതെന്ന് നഗരസഭാ കൗൺസിൽ അംഗം അഡ്വ.ഷീജ അനിൽ പറഞ്ഞു.


