കുമരകം: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കായികപ്രേമികൾക്ക് ആവേശമായി കുമരകം മാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ എത്തുന്നു. 2026 മെയ് 08, 09, 10 തീയതികളിൽ കുമരകം ഹൈസ്‌കൂൾ മൈതാനിയിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കുമരകത്തിന്റെ കായിക ചരിത്രത്തിൽ വലിയ തരംഗം സൃഷ്ടിച്ച ആദ്യ പതിപ്പിന് ശേഷമാണ് രണ്ടാം സീസണുമായി മാസ്റ്റേഴ്സ് ക്ലബ് എത്തുന്നത്.
40 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കൂട്ടായ്മയായ ‘കുമരകം മാസ്റ്റേഴ്സ് ക്ലബ്’ സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ ഇത്തവണ 12 ടീമുകളിലായി 180-ഓളം താരങ്ങൾ മാറ്റുരയ്ക്കും. മെയ് 7-ന് വൈകുന്നേരം നടക്കുന്ന വർണ്ണാഭമായ റോഡ് ഷോയോടും പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തോടും കൂടി മത്സരങ്ങൾക്ക് തുടക്കമാകും. ഉദ്ഘാടനത്തിന് ശേഷം ഡി.ജെ മ്യൂസിക് നൈറ്റും ഉണ്ടായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് 8-ന് രാവിലെ 7 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. മെയ് 10-ന് വൈകുന്നേരം നടക്കുന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തോടെ ടൂർണമെന്റ് സമാപിക്കും. വിജയികൾക്കായി പുത്തൻകളം ജോസ് & മേരി മെമ്മോറിയൽ ട്രോഫി, സഞ്ജു സത്യൻ മെമ്മോറിയൽ ട്രോഫി, ബിജുമോൻ പി.വി മെമ്മോറിയൽ ട്രോഫി എന്നിവ സമ്മാനിക്കും.
നൂതന സാങ്കേതിക സൗകര്യങ്ങളോടെയാണ് ഇത്തവണ ലീഗ് സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ തത്സമയം കാണുന്നതിനായി മൈതാനത്ത് എൽ.ഇ.ഡി വാളും, കൂടാതെ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ വഴി ലൈവ് സ്ട്രീമിംഗും ഒരുക്കിയിട്ടുണ്ട്. കുമരകത്തെ സ്ഥാപനങ്ങളും വ്യക്തികളും ഈ കായിക മാമാങ്കവുമായി സഹകരിക്കണമെന്ന് മാസ്റ്റേഴ്സ് ക്ലബ് സെക്രട്ടറി അഭ്യർത്ഥിച്ചു.

