തിരുവനന്തപുരം :രാജ്യത്ത് നിന്ന് ദക്ഷിണ പടിഞ്ഞാറൻ കാലവർഷം പൂർണമായും പിന്മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ, അഥവാ തുലാവർഷം, ആരംഭിച്ചിരിക്കുന്നു. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറാനുള്ള സാധ്യതയും ഉണ്ട്.തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. പശ്ചിമഘട്ടം കടന്ന് വരുന്ന മഴമേഘങ്ങളാണ് കേരളത്തിലെ തുലാവർഷത്തിന് കാരണമാകുന്നത്. വടക്കൻ ജില്ലകളെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുക. തുലാവർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് നീളുക. ഒക്ടോബർ മാസത്തിലാണ് സാധാരണയായി കൂടുതൽ മഴ ലഭിക്കുന്നത്. ഉച്ചയോടെ ചൂട് കനത്ത്, വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടിയ പെരുമഴയെത്തുന്നതാണ് ഈ കാലയളവിന്റെ പ്രത്യേകത.തുലാവർഷം മാറിയാൽ തണുപ്പുകാലം തുടങ്ങും.
മഴ മുന്നറിയിപ്പുകൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്:
17/10/2025 – എറണാകുളം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലിമീറ്ററിൽ നിന്ന് 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം.
മഞ്ഞ അലർട്ട്:
16/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം
17/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ
18/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
19/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്
20/10/2025: വയനാട്, കണ്ണൂർ
64.5 മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴയായി (ISOL H) കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.
പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.
നദിക്കരകളും അണക്കെട്ടുകളുടെ അപകടസാധ്യതയുള്ളതുകൊണ്ട് അവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിൽ പകൽ സമയത്ത് തന്നെ അവിടെത്തണം.
അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ദുർബലമായ വീടുകളിലും താമസിക്കുന്നവർ ശ്രദ്ധ പുലർത്തണം.
ശക്തമായ കാറ്റ് മൂലം മരങ്ങൾ, പോസ്റ്റുകൾ, മതിലുകൾ തകർന്നു വീഴാനുള്ള സാധ്യത മുന്നിൽ കാണണം.
നദികളിലും ജലാശയങ്ങളിലുമുള്ള വിനോദയാത്രകളും കുളികളും സെൽഫികളും ഒഴിവാക്കണം.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും മലയോര മേഖലയിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് നീങ്ങുന്നതുവരെ നിർത്തിവെക്കുകയും വേണം.
ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ യാത്ര ചെയ്യാതിരിക്കുക.
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണമെന്നും അപകടങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.


