അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ അക്കൗണ്ട് തുറക്കാനാവാതെ അഭിഷേക് ശർമ്മ തുടർച്ചയായ മൂന്നാം ഡക്കുമായി നിരാശപ്പെടുത്തിയിട്ടും നെതർലൻഡ്സിന് എതിരെ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഇക്കുറി ശിവം ദുബൈ രക്ഷകനായ മത്സരത്തിലാണ് ഇന്ത്യ ഉജ്വലമായ വിജയം സ്വന്തമാക്കിയത്. ആറു വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ ഉയർത്തിയ 193 റണ്ണിന് മുന്നിൽ 20 ഓവർ കളിച്ച് പോരാട്ടം അവസാനിപ്പിക്കാനായിരുന്നു നെതർലൻഡ്സിന്റെ വിധി. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി 176 റണ്ണാണ് നെതർലൻഡ്സ് നേടിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും മൂന്ന് പന്ത് മാത്രം ബാറ്റ് ചെയ്ത അഭിഷേക് ശർമ്മ ഡക്കായി മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. പതിവ് ആക്രമണകാരി ഇഷാൻ കിഷൻ (18) ദൗർഭാഗ്യം കൊണ്ട് ഔട്ടാകുമ്പോൾ ഇന്ത്യൻ സ്കോർ 39 മാത്രമാണ് ഉണ്ടായിരുന്നത്. ഡട്ടിന്റെ പന്ത് കിഷന്റെ ബാറ്റിലും പാഡിലും ഇടിച്ച് സ്റ്റമ്പിലേയ്ക്കു വന്ന് വീഴുമ്പോൾ കിഷാന് നോക്കി നിൽക്കാൻ മാത്രമാണ് സാധിച്ചത്. പിന്നാലെ 30 റൺ കൂടി ഇന്ത്യൻ ബോർഡിൽ ചേർത്തപ്പോഴേയ്ക്കും തിലക് വർമ്മയും (31) മടങ്ങി. ഇന്ത്യൻ സ്കോർ നൂറ് കടത്തിയ ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (34) വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, ഇന്ത്യൻ പ്രതീക്ഷകളത്രയും ശിവം ദുബൈ തനിച്ച് ചുമലിലേറ്റി. 31 പന്തിൽ ആറു സിക്സും നാലു ഫോറും സഹിതമാണ് ആറുചാമി എന്ന പേര് യാഥാർത്ഥ്യമാക്കിയാണ് ശിവം ദുബൈ മടങ്ങിയത്. 21 പന്തിൽ 30 റണ്ണുമായി നിന്ന ഹാർദിക് പാണ്ഡ്യ 19 ആം ഓവറിന്റെ അവസാന പന്തിൽ പുറത്തായി. ലോഗൻ വാൻ ബ്രേക്ക് മൂന്നും, ആര്യൻ ദത്ത് രണ്ടും, കെൽവിൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും നെതർലൻഡ്സിനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പിഴുത് ഇന്ത്യ സമ്മർദത്തിലാക്കി. ഓപ്പണർമാരായ ലെവിറ്റും (24), മാക്സ് ഡൗഡും (20) നന്നായി തുടങ്ങി. ലീഡ്സും (33) , അക്കർമാനും (23) ഇത് തുടർന്നു. എന്നാൽ, ഈ നില അവസാന ഓവർ വരെ നിലനിർത്താനാവാതെ വന്നതോടെ ഇന്ത്യയോട് 17 റണ്ണിന്റെ തോൽവി നെതർലൻഡ്സിന് വഴങ്ങേണ്ടി വന്നു. വരുൺ ചക്രവർത്തി മൂന്നും, ശിവം ദുബൈ രണ്ടും ബുംറയും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


