കൊച്ചി:ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും എറണാകുളം വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർമാർ രക്ഷകരായി. രാവിലെ 8.45 ഓടെ ആശുപത്രി കോമ്പൗണ്ടിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് യാത്രതിരിച്ച കണ്ണൂർ സ്വദേശിനിയായ 21-കാരിയുടെയും ആൺകുഞ്ഞിന്റെയും ജീവൻ, ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള Mostly സംഘത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ സുരക്ഷിതമായി.
യുവതിയും കുടുംബവും ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്പോൾ തന്നെ കുഞ്ഞ് പുറത്തുവരാൻ തുടങ്ങിയിരുന്നു.അവസ്ഥ വിലയിരുത്തിയ ഡോ. ആദിൽ അഷ്റഫും സംഘവും സ്ട്രെച്ചറടക്കമുള്ള സൗകര്യങ്ങളുമായി ഉടൻ സ്ഥലത്തെത്തി. എന്നാൽ യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്നത് അപകടകരമാകുമെന്നു തിരിച്ചറിഞ്ഞ ഡോക്ടർമാർ, കാറിനുള്ളിൽ വെച്ച് തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. തുടർന്ന് കുടുംബത്തിന്റെ വോൾവോ കാറിനുള്ളിൽ വെച്ച് സുരക്ഷിതമായി പ്രസവം നടത്തുകയും ചെയ്തു.ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി തലശ്ശേരിയിൽ നിന്ന് കുടുംബം അരൂരിലെത്തിയതായിരുന്നു. ജനുവരി 22നായിരുന്നു യുവതിയുടെ പ്രസവതീയതി. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രസവവേദന ആരംഭിച്ചതിനെ തുടർന്ന് അരൂരിലെ ഒരു ആശുപത്രിയിൽ പരിശോധനയും ചികിത്സയും നടത്തി മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ എട്ട് മണിയോടെ വേദന ശക്തമായതോടെ ഇവർ വി.പി.എസ് ലേക്ഷോറിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ കാറിനുള്ളിൽ പ്രസവം ആരംഭിക്കുകയായിരുന്നു.തുടർന്ന് സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശിനി ഉൾപ്പെടെയുള്ള വിദഗ്ധർ സ്ഥലത്തെത്തി ആവശ്യമായ പരിചരണം ഉറപ്പാക്കി. പിന്നീട് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി നിലവിൽ ലേബർ റൂമിൽ പ്രസവാനന്തര പരിചരണത്തിലാണ്. കുഞ്ഞിനെ എൻ.ഐ.സി.യുവിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അത്യാഹിത വിഭാഗത്തിന് സമീപമെത്തുമ്പോൾ തന്നെ കുഞ്ഞ് പുറത്തുവരാൻ തുടങ്ങിയിരുന്നുവെന്നും, അപ്പോൾ യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്നത് അപകടകരമാകുമെന്നു തിരിച്ചറിഞ്ഞാണ് കാറിനുള്ളിൽ വെച്ച് തന്നെ പ്രസവം നടത്താൻ തീരുമാനിച്ചതെന്നും ഡോ. ആദിൽ അഷ്റഫ് പറഞ്ഞു.
അടിയന്തര വൈദ്യസഹായം ആവശ്യമായ ഘട്ടത്തിൽ വേഗത്തിൽ തീരുമാനം എടുത്തതാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനിടയായതെന്നും അദ്ദേഹം വ്യക്തമാക്കി.തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച വി.പി.എസ് ലേക്ഷോർ ആശുപത്രിയോടും ഡോക്ടർമാരോടും ജീവനക്കാരോടും വാക്കുകൾക്ക് അതീതമായ നന്ദിയുണ്ടെന്ന് യുവതിയുടെ ഭർത്താവ് പ്രതികരിച്ചു. സങ്കീർണമായ സാഹചര്യത്തിൽ കൃത്യസമയത്തെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പീഡിയാട്രിക് വിഭാഗം മേധാവി ഡോ. നവീൻ ആന്റോയുടെ നേതൃത്വത്തിൽ കുഞ്ഞ് എൻ.ഐ.സി.യുവിൽ സുരക്ഷിതനാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ഈ സംഭവം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ സജ്ജീകരണങ്ങളുടെയും പരിശീലനത്തിന്റെയും മികവാണ് തെളിയിക്കുന്നതെന്ന് വി.പി.എസ് ലേക്ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലും കൃത്യതയോടെയും തീരുമാനമെടുക്കുന്ന സംവിധാനമാണ് ആശുപത്രിയുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവർത്തനങ്ങളുടെ കരുത്ത് വീണ്ടും തെളിയിക്കുന്ന സംഭവമാണിതെന്ന് വി.പി.എസ് ലേക്ഷോർ സി.ഇ.ഒ. ജയേഷ് വി. നായർ പറഞ്ഞു. ആശുപത്രിക്ക് പുറത്തേക്കും അടിയന്തര ജീവൻരക്ഷാ ഇടപെടലുകൾ നടത്തേണ്ടിവരുന്ന സാഹചര്യങ്ങളിൽ പോലും രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സൗകര്യങ്ങളും പരിശീലനം നേടിയ സംഘവും ഇവിടെ സജ്ജമാണെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.


