ലുലുവിൽ നിന്നും ഒന്നരക്കോടി അപഹരിച്ച് മലയാളി മുങ്ങി: അന്വേഷണം ആരംഭിച്ച് ലുലു ഗ്രൂപ്പ്

അബുദാബി: മലയാളി ജീവനക്കാരൻ അബുദാബിയിലെ ലുലു അല്‍ഖാലിദിയ മാളില്‍ നിന്ന് ഒന്നര കോടിയോളം രൂപ അപഹരിച്ച്‌ മുങ്ങി.ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ പരാതി നല്‍കി. മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സുഹറ മൻസിലില്‍ മുഹമ്മദ് നിയാസാണ് (38) മുങ്ങിയത്. കഴിഞ്ഞ 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്തേണ്ട നിയാസിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഒന്നര കോടിയോളം രൂപ കാണാനില്ലെന്ന് മനസിലായത്. മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. ക്യാഷ് വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനാല്‍ നിയാസിന്റെ പാസ്‌പോർട്ട് കമ്ബനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാല്‍ നിയാസിന് യു.എ.ഇയില്‍ നിന്ന് പുറത്തുപോകാനാവില്ലെന്ന് അധികൃതർ പറഞ്ഞു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കി. കഴിഞ്ഞ 15 വർഷമായി നിയാസ് ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ക്കൊപ്പമാണ് എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിയായ ഭാര്യയും രണ്ടുകുട്ടികളും താമസിച്ചിരുന്നത്. നിയാസിന്റെ തിരോധാനത്തിനുശേഷം ഇവർ ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങി.

Hot Topics

Related Articles