മലപ്പുറത്ത് പട്ടാപ്പകൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി ഒളിവിൽ

മലപ്പുറം: പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.ഇന്ന് രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്ന പെൻഷൻ ഭവൻ റോഡിലാണ് സംഭവം. 28 കാരിയായ യുവതി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി.എസ്. അശ്വിൻ വഴിതടഞ്ഞത്. തുടർന്ന് കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു.

Advertisements

ആക്രമണത്തിൽ താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും, അതുവഴി മറ്റ് യാത്രക്കാർ എത്തിയതോടെ പ്രതി ആക്രമണം അവസാനിപ്പിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റ യുവതിയെ ഉടൻ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.ആക്രമണത്തിന് ഉപയോഗിച്ച കത്തി സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയും രേഖപ്പെടുത്തി.യുവതിയും പ്രതിയായ അശ്വിനും മുമ്പ് ഒരേ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നുവെന്നും സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട് ഇരുവരും പിണങ്ങുകയും, യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതോടെ അശ്വിൻ ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശല്യം തുടരുന്നതിനെ തുടർന്ന് യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. അശ്വിനെ വിളിച്ചുവരുത്തി ഇത്തരത്തിലുള്ള പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് പൊലീസ് താക്കീത് ചെയ്തതായും രേഖകളിലുണ്ട്.ഈ മുന്നറിയിപ്പുകൾക്കിടയിലാണ് കൊലപാതകശ്രമം നടന്നത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അശ്വിൻ കോഴിക്കോട് വരെ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി വ്യാപക തെരച്ചിൽ തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles