മാങ്കുളം: ഇടുക്കി മാങ്കുളത്ത് അച്ഛനെ മകൻ തലയ്ക്കടിച്ചുകൊന്ന് കത്തിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാങ്കുളം മുപ്പത്തിമൂന്നിന് സമീപം പാറേക്കുടിയിൽ തങ്കച്ചനെയാണ് മകൻ ബിബിൻ കൊലപ്പെടുത്തിയത്. ഇയാളെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണവും സ്വർണ്ണവും നൽകാത്തതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് തങ്കച്ചന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ അയൽവാസികൾ കണ്ടെത്തിയത്.
വീടിന് സമീപത്തെ ഷെഡിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. സംഭവം നടന്നതിന് തൊട്ടുപുറകേ, മകൻ ബിബിനെ കാണാതായത് ദുരൂഹതയുയർത്തിയിരുന്നു. ഏറെ നാളായി തങ്കച്ചൻ മകനൊപ്പമായിരുന്നു താമസം. ബിബിനും തങ്കച്ചനും തമ്മിൽ ചില അസ്വാരസ്യങ്ങളും വഴക്കുമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി. സ്വർണവും പണവുമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതേ തുടർന്നുളള പ്രകോപനമാണ് കൊലപാതക കാരണമെന്നും പൊലീസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച വൈകീട്ടാണ് കൊലപാതകം നടക്കുന്നത്. വഴക്കിനിടെ തലക്കടിയേറ്റ് മരിച്ച തങ്കച്ചനെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി തീകൊളുത്തുകയായിരുന്നെന്ന് അറസ്റ്റിലായ ഷിബിൻ പൊലീസിനോട് സമ്മതിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ഷിബിനെ പൊലീസ് കുടുക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അയൽവാസികൾ തങ്കച്ചന്റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഷിബിനെ അയൽവാസികൾ വിവരമറിയിച്ചെങ്കിലും ഇയാൾ പെട്ടെന്നുതന്നെ ഫോൺ ഓഫ് ചെയ്ത് മുങ്ങി. ഇതിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് ഷിബിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരുൾപ്പെടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഷിബിൻ തന്നെയാണ് കൃത്യം നടത്തിയതെന്ന അനുമാനത്തിൽ പൊലീസ് എത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.