മൂവാറ്റുപുഴയാറിൽ കുളിക്കടവിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി : മരിച്ചത് മറവൻതുരുത്ത് സ്വദേശി 

വൈക്കം: മൂവാറ്റുപുഴയാറിൻ്റെ ചിറേക്കടവ് ഭാഗത്ത് കുളിക്കടവിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മറവൻതുരുത്ത് മടക്കാട്ടു പുഞ്ചയിൽ ഏലിയാസിൻ്റെ ഭാര്യ -ബീന (62) യുടെ മൃതദേഹമാണ് നേരേകടവ് ഭാഗത്തെ പുഴയിൽ നിന്നും ഇന്ന് വൈകിട്ട് 6.45 ഓടെ കണ്ടെടുത്തത്. ഇന്നലെ പുലർച്ചെ മുതൽ ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവർ ഉപയോഗിച്ചിരുന്ന ചെരുപ്പും വസ്ത്രങ്ങളും കുളിക്കടവിലെ കൽപ്പടവിൽ നിന്നും ലഭിച്ചിരുന്നു. 

തുടർന്ന് കോട്ടയത്ത് നിന്നും സ്കൂബ അംഗങ്ങളും, വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും ഇന്നലെ രാത്രി ഏറെ വൈകിയും തിരച്ചിൽ പുഴയിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്ന് കൂടുതൽ സേനാ അംഗങ്ങൾ എത്തി മൂവാറ്റുപുഴയാറിൻ്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് വൈകിട്ട് കണ്ടെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ – സോമി, ജോബി, എബി.

Hot Topics

Related Articles