ലക്നൌ: മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം. നാല് വർഷത്തിന് ശേഷം മകളേയും ഭർത്താവിനേയും വിരുന്നിന് ക്ഷണിച്ച് മാതാപിതാക്കള്‍.പ്രശ്നങ്ങള്‍ പറഞ്ഞു തീർക്കാനെത്തിയ മരുമകനെ അമ്മായിയച്ഛനും അമ്മായിയമ്മയും ഭാര്യയുടെ സഹോദരിമാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചുകൊന്നു. ഉത്തർ പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. 30 വയസ് പ്രായമുള്ള വിഷ്ണു യാദവ് ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നില്‍ ഇട്ടാണ് വിഷ്ണുവിനെ മർദ്ദിച്ച് കൊന്നത്.
മാർച്ച് 17നാണ് സാക്ഷിയേയും വിഷ്ണുവിനേയും സാക്ഷിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് ക്ഷണിച്ചത്. ബംഗ്ല ബസാർ ഭാഗത്തെ സെക്ടർ 1ലെ വീട്ടിലേക്കാണ് ദമ്പതികള്‍ എത്തിയത്. വീട്ടിലെത്തിയ സാക്ഷിയെ മാതാപിതാക്കള്‍ കെട്ടിയിട്ടും പിന്നാലെയായിരുന്നു വിഷ്ണുവിനെ മരപ്പലക കൊണ്ട് മാറി മാറി ആക്രമിച്ചത്. ഭർത്താവിനെ വെറുതെ വിടണമെന്നും ആക്രമിക്കരുതെന്നുമുള്ള സാക്ഷിയുടെ നിലവിളിയ്ക്ക് വീട്ടുകാർ വഴങ്ങിയതുമില്ല. വിഷ്ണുവിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ട അയല്‍വാസികള്‍ പൊലീസില്‍ വിളിച്ചതിന് പിന്നാലെയാണ് ക്രൂരമായ മർദ്ദനം പുറത്ത് അറിയുന്നത്. കൈകാലുകള്‍ ബന്ധിച്ച നിലയിലുണ്ടായിരുന്ന സാക്ഷിയെ പൊലീസ് രക്ഷിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ വിഷ്ണുവിന്റെ പിതാവിന്റെ പരാതിയില്‍ സാക്ഷിയുടെ പിതാവ് തീർത്ഥരാജ് സിംഗ്, അമ്മ സരോജ് ദേവി, സഹോദരിമാരായ രാധ, രത്ന, ജ്യോതി, വിധി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന് ഉപയോഗിച്ച പട്ടികയും മരക്കമ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇതില്‍ 16 മുറിവുകള്‍ വിഷ്ണുവിന്റെ തലയിലാണ് ഏറ്റിട്ടുള്ളത്.
തലയോട്ടി പൂർണമായും തകർന്ന നിലയിലാണുള്ളത്. കഴുത്തിലും മുഖത്തുമടക്കം മാരക മുറിവുകളുണ്ട്. തല പൊട്ടിയുണ്ടായ രക്തസ്രാവത്തേത്തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിരീക്ഷണം. നാല് വർഷം മുൻപ് സാക്ഷിയുടെ വിവാഹം നടന്നത് മുതല്‍ കുടുംബത്തിന് വിഷ്ണുവിനോട് പകയുണ്ടായിരുന്നു. പ്രതികള്‍ വിഷ്ണുവിനെ മരണം വരെ മരത്തടികളും ഇരുമ്പ് വടികളും ഉപയോഗിച്ച് അടിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ വിശദമാക്കുന്നത്.

