എംടിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു;ഭീമനാകാൻ ഋഷബ് ഷെട്ടി; എംടിയുടെ ‘രണ്ടാമൂഴം’ നടൻ തന്നെ സംവിധാനം ചെയ്യും-പ്രഖ്യാപനം ഉടൻ

എം. ടി. വാസുദേവൻ നായരുടെ ഡ്രീം പ്രൊജക്റ്റായ ‘രണ്ടാമൂഴം’ സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. മഹാഭാരത കഥ ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നടൻ ഋഷബ് ഷെട്ടി സംവിധാനം ചെയ്യുമെന്ന് പുറത്തുവരുന്ന വിവരങ്ങൾ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന സംവിധായകൻ എന്ന നിലയിലാണ് ഋഷബ് ഷെട്ടിയെ എംടിയുടെ കുടുംബം സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ. വൻ താരനിര അണിനിരക്കുന്ന ചിത്രം എംടിയുടെ ആഗ്രഹപ്രകാരം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുക.

Advertisements

എംടിയുടെ ജീവിതകാലത്തുതന്നെ ചിത്രത്തിന്റെ സംവിധായകനുമായി പ്രാരംഭ ചർച്ചകൾ നടന്നിരുന്നു. നേരത്തെ മണിരത്നം ഈ സിനിമ സംവിധാനം ചെയ്യുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും സമയപരിമിതി മൂലം അദ്ദേഹം പിന്മാറിയതായാണ് വിവരം. മണിരത്നം തന്നെയാണ് ഋഷബ് ഷെട്ടിയെ എംടിയുടെ കുടുംബത്തിന് നിർദേശിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.പല പ്രമുഖ നിർമാണകമ്പനികൾ തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി മുന്നോട്ട് പോയില്ല. മുൻപ് സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം വൈകിയതിനെ തുടർന്ന് എംടി നിയമനടപടികളിലൂടെ കരാറിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് ശേഷമാണ് എംടിയുടെ മകൾ അശ്വതി വി. നായരെ തിരക്കഥയുടെ ചുമതല ഏൽപ്പിച്ച് സിനിമ വേഗത്തിൽ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണകമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണകമ്പനിയും ചേർന്നാണ് ‘രണ്ടാമൂഴം’ നിർമിക്കുക.എംടിയുടെ ഒമ്പത് ചെറുകഥകൾ ചേർത്ത് ഒമ്പത് സംവിധായകർ ഒരുക്കിയ ‘മനോരഥങ്ങൾ’ എന്ന ചിത്രം അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ആ ചിത്രവും എംടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണകമ്പനിയാണ് നിർമിച്ചത്. മലയാള സാഹിത്യ-സിനിമ ലോകം ഒരുപോലെ കാത്തിരിക്കുന്ന ‘രണ്ടാമൂഴം’ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Hot Topics

Related Articles