മലപ്പുറം: എആര്‍ നഗര്‍ കൊടുവായൂരില്‍ സഹകരണ ബാങ്കിനുസമീപം അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയത് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നിനെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ പദം ഗദാബയെ (36) ചോദ്യം ചെയ്തപ്പോഴാണ് ഒഡിഷ സ്വദേശി ഇന്ദര്‍ ബദ്ര (48) യെ താമസസ്ഥലത്തെ ഓപ്പണ്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ സത്യാവസ്ഥ പുറംലോകം അറിയുന്നത്.
പ്രതി പദം ഗദാബ പലപ്പോഴും സഹതാമസക്കാരുമായി വഴക്കുണ്ടാക്കാറുണ്ടെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. പ്രതിതന്നെയാണ് പുലര്‍ച്ചെ കൂടെ റൂമിലുണ്ടായിരുന്നവരെ വിളിച്ച് താന്‍ ഇന്ദറിനെ കൊലപ്പെടുത്തിയകാര്യം അറിയിച്ചതും. പിന്നാലെ ഇന്ദര്‍ ബദ്ര സാധാരണ കിടന്നുറങ്ങാറുള്ളിടത്ത് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ കൂട്ടുകാര്‍ പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് വേങ്ങര പോലീസ് മൊബൈല്‍ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം ആരംഭിച്ചു. പിന്നീട് വേങ്ങര അങ്ങാടിയില്‍ ബസില്‍ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന പ്രതിയെ പിടികൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടക്കിടക്ക് തന്നെ ശകാരിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വേങ്ങര എസ്‌എച്ച്‌ഒ പ്രജീഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് ശേഷം ഒഡിഷയിലേക്ക് അയച്ചു.

