ഫെബ്രുവരി 12 ന് ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും

തിരുവനന്തപുരം : വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടയും, മോട്ടോര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല, എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12 ന് പണി നിര്‍ത്തിവയ്ക്കും. ജനവിരുദ്ധമായ കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍, ആബാലവൃദ്ധം ജനങ്ങളും യാത്രകള്‍ ഒഴിവാക്കി പണിമുടക്കിന് സഹകരിക്കുന്ന നിലയായിരിക്കും സ്വീകരിക്കുക. 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ തൊഴിലാളി ഫെഡറേഷനുകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംയുക്ത കര്‍ഷകമോര്‍ച്ചയും, കര്‍ഷക തൊഴിലാളി സംഘടനകളും, സിപിഐഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപക സംഘടനകളും, ബാങ്ക് – ഇന്‍ഷുറന്‍സ് – പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെയും, ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും, ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. മഹിളാ – വിദ്യാര്‍ത്ഥി – യുവജന സംഘടനകളും, പണിമുടക്ക് ദിവസം തെരുവിലിറങ്ങി പ്രതിഷേധിക്കും.

Advertisements
      ഇന്ത്യയിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും, മൗലികമായ എല്ലാ അവകാശങ്ങളും, പ്രത്യേകിച്ച് കൂട്ടായി വിലപേശാനും, സംഘടിക്കുവാനുമുള്ള അവകാശം പോലും, എടുത്തുകളയുന്നതാണ് 4 ലേബര്‍ കോഡുകളും. ആനുകൂല്യങ്ങള്‍ പലതും ഇല്ലാതാകും. തൊഴില്‍ സമയം തന്നെ തൊഴിലുടമകള്‍ക്ക് വേണമെങ്കില്‍ 12 ഉം, 16 ഉം മണിക്കൂറാക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. വിത്ത് ബില്‍ ഇന്ത്യന്‍ കര്‍ഷകരുടെ പരിരക്ഷ തകര്‍ക്കും. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം. ഇന്‍ഷുറന്‍സ്, ആണവോര്‍ജ്ജം, വൈദ്യുതി, തുടങ്ങിയ മേഖലകള്‍ സ്വകാര്യവത്കരിക്കുന്നു. പൊതുമേഖലയും, ദേശീയ ആസ്തികളും, തകൃതിയായി വിറ്റഴിക്കുന്നു. തൊഴില്‍ സ്ഥിരത അസാധ്യമാക്കി നിശ്ചിതകാല തൊഴില്‍ നിയമമാക്കി. പത്ര ജീവനക്കാര്‍ക്ക് ഇനി വേജ് ബോര്‍ഡ് ഉണ്ടാകില്ല. ഇപിഎഫ് പെന്‍ഷന്‍കാരെ പരിഗണിക്കുന്നതേയില്ല. മേല്‍ ആവശ്യങ്ങളാണ് പണിമുടക്കിന്‍റെ ഭാഗമായി തൊഴിലാളി സംഘടനകള്‍ പ്രധാനമായും ഉയര്‍ത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് - നരേന്ദ്ര മോഡി വ്യാപാര കരാര്‍ ഇന്ത്യയിലെ തദ്ദേശീയ വ്യവസായങ്ങള്‍ക്കും, വാണിജ്യ - വ്യാപാര മേഖലയ്ക്കും താഴ് ഇടീക്കും.

ലോകം തന്നെ ഉറ്റുനോക്കുന്ന, വലിയ പങ്കാളിത്തം ഉണ്ടാവുന്ന പണിമുടക്കാണ് ഫെബ്രുവരി 12 ന് രാജ്യത്ത് നടക്കാന്‍ പോകുന്നത്. പണിമുടക്കിന്‍റെ ഭാഗമായി തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കീഴ്വഴക്കമനുസരിച്ച് വിളിച്ചു ചേര്‍ക്കേണ്ട ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് പോലും വിളിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മോഡി അധികാരത്തില്‍ വന്നതിനു ശേഷം തയ്യാറായിട്ടില്ല. കേന്ദ്ര തൊഴിലാളി സംഘടനകള്‍ക്ക് മതിയായ പരിഗണന നല്‍കാത്ത ബിജെപി സര്‍ക്കാരിന്‍റെ മേല്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ട്രേഡ് യൂണിയനുകളെ തള്ളിപ്പറയുന്നത് തൊഴില്‍ രംഗത്ത് അരാജകത്വം സൃഷ്ടിക്കും. ഐഎന്‍ടിയുസി പണിമുടക്കിലുള്ളപ്പോള്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലേബര്‍ കോഡുകളുടെ ചട്ടങ്ങള്‍ നടപ്പിലാക്കിയത് വിരോധാഭാസമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

*) പണിമുടക്കിന്‍റെ സംസ്ഥാനത്തെ ഒരുക്കങ്ങള്‍, ഏറെക്കുറെ പൂര്‍ണ്ണമായി. സംസ്ഥാനം/ജില്ലാതലം മുതല്‍ യൂണിയന്‍ ജനറല്‍ബോഡി യോഗങ്ങള്‍ വരെ പൂര്‍ത്തീകരിച്ചു.

*) പ്രാദേശികമായി 148 പ്രചരണ ജാഥകള്‍ നടന്നുകൊണ്ടിരിക്കുന്നു.

*) എല്ലാ സംഘടനകളുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും സജീവമാണ്.

*) 11ന് പ്രാദേശികമായി, പണിമുടക്കിന്‍റെ വിളംബരം നടക്കും. പന്തംകൊളുത്തി പ്രകടനങ്ങള്‍ ആയിരം കേന്ദ്രങ്ങളില്‍ നടക്കും.

*) തൊഴിലുടമകള്‍ക്ക് 14 ദിവസം മുന്‍പ് പണിമുടക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു.

*) തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡുകള്‍ നടപ്പില്‍ വരുന്നതായി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന്‍റെ കോപ്പികള്‍ വ്യാപകമായി കത്തിച്ച് പ്രതിഷേധിച്ചു.

*) ലഘുലേഖകളും, നോട്ടീസുകളും തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്തു.

*) മൂന്നുലക്ഷത്തോളം പോസ്റ്ററുകള്‍ പണിമുടക്കിന്‍റെ അറിയിപ്പ് ജനങ്ങളില്‍ എത്തിക്കുവാന്‍ സംസ്ഥാനത്തെമ്പാടും പതിച്ചു.

*) സോഷ്യല്‍മീഡിയ വഴി ജനങ്ങളിലേക്ക് പ്രചരണം എത്തിച്ചു കൊണ്ടിരിക്കുന്നു.

*) ഫെബ്രുവരി 12ന് പണിമുടക്ക് ദിവസം സംസ്ഥാനത്താകെ 650 കേന്ദ്രങ്ങളില്‍ പണിമുടക്കിയ തൊഴിലാളികളും, അനുബന്ധ ജനവിഭാഗങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കും.

*) ജില്ലാ/ഏരിയ കേന്ദ്രങ്ങളില്‍ ഉച്ചവരെ നീണ്ടു നില്‍ക്കുന്ന പ്രതിഷേധ യോഗങ്ങള്‍ ചേരും.

*) ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടോര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, പ്രസ് ജീവനക്കാര്‍, സ്കീം വര്‍ക്കര്‍മാര്‍, നിര്‍മ്മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ്ഫോം, ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കും. ഷോപ്പിംഗ് മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണ്‍ സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷാപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ ഇപ്രാവശ്യം പണിമുടക്കുമ്പോള്‍, രാജ്യം ആകെ സ്തംഭിക്കും. കഴിഞ്ഞ പണിമുടക്ക്, ജൂലൈ 9ന് 25 കോടി തൊഴിലാളികളും, കൃഷിക്കാരുമാണ് പങ്കെടുത്തതെങ്കില്‍, ഫെബ്രുവരി 12ന് ഉയര്‍ത്തുന്ന ആവശ്യങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പണിമുടക്കായി മാറും.

  പണിമുടക്ക് ദിവസം നടക്കുന്ന പ്രതിഷേധ പരിപാടിയില്‍, സ. എളമരം കരീം, തമ്പാന്‍ തോമസ്, കെ ചന്ദ്രന്‍പിള്ള, തുടങ്ങിയവര്‍ എറണാകുളത്തും, സ. ടി പി രാമകൃഷ്ണന്‍, കെ പി രാജേന്ദ്രന്‍, സോണിയ ജോര്‍ജ്, തുടങ്ങിയവര്‍ തിരുവനന്തപുരത്തും, സ. കെ എന്‍ ഗോപിനാഥ്, പി പി പ്രേമ, സി പി മുരളി, എന്നിവര്‍ കോഴിക്കോടും, ദീപ കെ രാജന്‍ തൃശൂരും, പി നന്ദകുമാര്‍ മലപ്പുറത്തും, ജെ മേഴ്സിക്കുട്ടി 'അമ്മ കൊല്ലത്തും, മറ്റു പ്രധാന നേതാക്കളെല്ലാം മറ്റു ജില്ലാ കേന്ദ്രങ്ങളിലും പങ്കെടുക്കും.

Hot Topics

Related Articles