തൃശ്ശൂർ:കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് ടീമിന്റെ പിടിയിലായി. ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശ് (അസിസ്റ്റന്റ് ലേബർ ഓഫീസർ, ചാവക്കാട്) ആണ് പിടിയിലായത്. ഗുരുവായൂരിലെ ഒരു ഹോട്ടലിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.കഴിഞ്ഞ 30-ാം തീയതി ഗുരുവായൂരിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ, താൽകാലിക തൊഴിലാളികളുടെ എണ്ണം കൂടുതലാണെന്നും നടപടി ഒഴിവാക്കണമെങ്കിൽ ഓഫിസിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് 16-ാം തീയതി ഓഫീസിൽ ചെന്ന മാനേജരോട് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും അത് വാങ്ങുകയും ചെയ്തു.അതിന് പിന്നാലെ ഫോണിൽ വിളിച്ച് വീണ്ടും 5000 രൂപ കൂടി ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ ജയപ്രകാശിന്റെ ട്രാൻസ്ഫർ കാക്കനാട് ഓഫീസിലേക്കായി. എന്നാൽ ഹോട്ടൽ മാനേജരെ വിവരം അറിയിക്കാതെ, കൈക്കൂലി ഏറ്റുവാങ്ങാൻ തൃശ്ശൂരിലെത്തി കാത്തുനിന്നപ്പോഴാണ് വിജിലൻസ് സംഘം ട്രാപ്പ് ഒരുക്കിയത്.വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ജയപ്രകാശിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


