ന്യൂഡൽഹി :ലോകത്തിന്റെ പുതിയ നിർമാതാവ് ഇന്ത്യയാണ് എന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ പറഞ്ഞു. ഇസ്രയേലിലെ പ്രദേശങ്ങളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.”ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാക്കളാണ്. നിങ്ങൾ ഇന്ത്യയെ നിർമിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അത് ചെയ്യാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്,” – റുവൻ അസർ മാധ്യമ അഭിമുഖത്തിൽ പറഞ്ഞു.ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തിങ്കളാഴ്ച 20 ഇനങ്ങളടങ്ങിയ സമാധാന പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ആ പദ്ധതിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് നിർദേശമുണ്ട്.ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു. “പലസ്തീനിലെയും ഇസ്രയേലിലെയും ജനതയ്ക്കും, പശ്ചിമേഷ്യൻ മേഖലയ്ക്ക് മൊത്തത്തിലും ദീർഘകാലവും സുസ്ഥിരവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള പ്രായോഗികമായൊരു വഴിയാണ് ഈ പദ്ധതി,” എന്ന് മോദി പ്രതികരിച്ചു.സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


